കായിക്കര കടവ് പാലം; വകുപ്പുകളുടെ ഏകോപനമില്ലായ്മയിൽ പാഴാകുന്നത് ലക്ഷങ്ങൾ
text_fieldsകായിക്കര കടവിലെ പൊളിച്ചുമാറ്റൽ ഭീഷണി നേരിടുന്ന പുതിയ ബോട്ട് ജെട്ടി, കായിക്കര കടവ് പാലം അപ്രോച്ച് റോഡ് മേഖലയിൽ ഇൻറർലോക്ക് പണികൾ ആരംഭിച്ചപ്പോൾ
ആറ്റിങ്ങൽ: കായിക്കര കടവ് പാലം അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ ഏകോപനമില്ലായ്മയിൽ പാഴാകുന്നത് ലക്ഷങ്ങൾ. കായിക്കര കടവിൽ പുതുതായി നിർമിച്ച ബോട്ട് ജെട്ടി പൊളിച്ചു മാറ്റേണ്ട അവസ്ഥയിലാണ്. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് മേഖലയിൽ ഇൻറർലോക്ക് പാകുന്ന ജോലികളും നടക്കുകയാണ്. ഇതും പാഴാകുന്ന അവസ്ഥയാണ്. അഞ്ചുതെങ്ങ്-വക്കം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കായിക്കര കടവ്പാലം നിർമിക്കാനായി ഏറ്റെടുത്ത സ്ഥലത്ത് ലക്ഷങ്ങൾ ചെലവിട്ടാണ് ഇന്റർലോക്ക് പാതയൊരുക്കുന്നത്. 15 ലക്ഷത്തോളം വരുന്ന ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണിത്. പാലം വരുമ്പോൾ ഇത് പൊളിച്ചുമാറ്റേണ്ടി വരും.
പാലം നിർമാണ മേഖലയിൽ സമീപകാലത്ത് പുതിയ ബോട്ട് ജെട്ടി നിർമിച്ചിരുന്നു. ഒരിക്കൽ പോലും ഉപയോഗിക്കുന്നതിന് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബോട്ട് ജെട്ടി പൊളിക്കേണ്ടി വരുന്നത് വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മ കൊണ്ടാണെന്നാണ് ആരോപണം. ഭൂമി ഏറ്റെടുക്കൽ നടപടി ഉൾപ്പെടെ അന്തിമഘട്ടത്തിലാണെന്ന സർക്കാർ അറിയിപ്പ് വന്നതിന്റെ അടിസ്ഥാനത്തിൽ പാലം പണി ഉടൻ ആരംഭിക്കുമെന്ന ശുഭ പ്രതിക്ഷയോടെയാണ് അഞ്ചുതെങ്ങ്-വക്കം ജനത കാത്തിരിക്കുന്നത്. എന്നാൽ, ഈ ഘട്ടത്തിൽ നിർമാണ മേഖലയിൽ ലക്ഷങ്ങൾ ചിലവഴിച്ച് ഇന്റർലോക്ക് പാത ഒരുക്കുന്ന ബ്ലോക്ക് പഞ്ചായത്ത് നടപടി വിവാദമാവുകയാണ്. കഴിഞ്ഞ ദിവസം പാലത്തിന്റെ നിർവഹണ ചുമതലയുള്ള റോഡ് ഫണ്ട് ബോർഡ് പ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചിരുന്നു.
അഞ്ചുതെങ്ങ്, വക്കം ഗ്രാമപഞ്ചായത്ത് നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് കായിക്കര കടവ്പാലം. ഇതിനായി 2017-18ൽ കിഫ്ബി ഫണ്ടിൽ നിന്നും 25 കോടിയുടെ ഭരണാനുമതിയും 5.5 കോടിയുടെ സാമ്പത്തിക അനുമതിയും ലഭിച്ചിരുന്നതാണ്. 222 മീറ്റർ നീളവും 11 മീറ്റർ വീതിയും 1.5 മീറ്റർ വീതം ഇരുവശങ്ങളിലുമായി നടപ്പാതയും കായിക്കരഭാഗത്ത് 248 മീറ്ററും വക്കത്ത് 188 മീറ്റർ അപ്രോച്ച് റോഡും നിർമിക്കുന്നതിനായിരുന്നു അനുമതി. എന്നാൽ, ബജറ്റിൽ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം പദ്ധതി നീളുന്നതിന് കാരണമായി.
പാലം നിർമിക്കുന്നതിനായി 44 ഭൂവുടമകളിൽനിന്ന് 50.43ആർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. അതിൽ ഭൂരിഭാഗം ഭൂമിയും ഏറ്റെടുത്തു. അവശേഷിക്കുന്ന വക്കം, അഞ്ചുതെങ്ങ് വില്ലേജിലെ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം കൈമാറുന്ന പ്രവർത്തി അന്തിമഘട്ടത്തിലാണ്. ഇതിനിടയിലാണ് പൊളിച്ച് മാറ്റാൻ വേണ്ടി മാത്രം പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. യാഥാർഥ്യം മനസ്സിലാക്കാതെയുള്ള നിർമാണ പ്രവർത്തനങ്ങൾ അഴിമതിക്ക് വേണ്ടിയാണെന്ന് സമൂഹിക പ്രവർത്തകൻ സജൻ ആരോപിച്ചു. നിർമ്മാണ ചിലവും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്നും ഇതുസംബന്ധിച്ച് വിജിലൻസിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.