വാശിയേറിയ മത്സരത്തിന് വാതിൽ തുറന്ന് കിഴുവിലം
text_fieldsആറ്റിങ്ങൽ: വാശിയേറിയ മത്സരത്തിന് അവസരം തുറക്കുന്ന ജില്ലാ ഡിവിഷൻ ആണ് കിഴുവിലം. ഇടതുപക്ഷം തുടർച്ചയായി നിലനിർത്തുന്ന ഡിവിഷനാണ് കിഴുവിലം. യു.ഡി.എഫിന് നഷ്ടമാകുന്നത് നേരിയ വോട്ട് വ്യത്യാസത്തിനും. അതിനാൽ തന്നെ മികച്ച സ്ഥാനാർത്ഥിയെ നിർത്തി ഡിവിഷൻ പിടിച്ചെടുക്കാൻ ആകുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസവും. സീറ്റ് നിലനിർത്താൻ ആകുമെന്ന് വിശ്വാസത്തിൽ തന്നെയാണ് എൽ.ഡി.എഫ്. എൽ.ഡി.എഫിനു വേണ്ടി ട്രേഡ് യൂണിയൻ നേതാവ് അഞ്ചുതെങ്ങ് സുരേന്ദ്രനും യു.ഡി.എഫിന് വേണ്ടി യൂത്ത് കോൺഗ്രസ് നേതാവ് സജിത്ത് മുട്ടപ്പലവും ആണ് മത്സരരംഗത്ത്.
ബി.ജെ.പിയും ഈ ഡിവിഷനിൽ പ്രതീക്ഷകൾ കുറയ്ക്കുന്നില്ല. പക്ഷേ ബി.ജെ.പിയുടെ സ്ഥാനാർഥി നിർണയം ഇനിയും പൂർത്തിയായിട്ടില്ല. എൽ.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ അഞ്ചുതെങ്ങ് സുരേന്ദ്രനാണ് മത്സരിക്കുന്നത്. ട്രേഡ് യൂണിയൻ രംഗം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഞ്ചുതെങ്ങ് സുരേന്ദ്രൻ ദീർഘകാലമായി വിവിധ തദ്ദേശസ്ഥാപനങ്ങളുടെ ജനപ്രതിനിധിയും ഭാരവാഹിയും ആണ്. 1995 ൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ ആയി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമായും തിരഞ്ഞെടുക്കപ്പെട്ടു. 2002 അഞ്ചുതെങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി. 2019 അഞ്ചുതെങ്ങ് പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. 2015 ൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി പ്രവർത്തിച്ചു.
അഞ്ചുതെങ്ങ് സുരേന്ദ്രൻ (എൽ.ഡി.എഫ്), സജിത് മുട്ടപ്പലം (യു.ഡി.എഫ്)
നിലവിൽ സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും ആണ്. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. യു.ഡി.എഫിന് വേണ്ടി കോൺഗ്രസിലെ സജിത്ത് മുട്ടപ്പലം ആണ് കിഴിവിലം ഡിവിഷനിൽ മത്സരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സജിത്ത്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സജിത്ത് കെ.എസ്.യു അസംബ്ലി മണ്ഡലം ഭാരവാഹിയായി.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുകയും നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്യുകയാണ്. അഴൂർ ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡറാണ്. തെങ്ങുംവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ, ത്രിവേണി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള ആർ.സി.സി സ്നേഹപ്രതി വിതരണ പദ്ധതിയുടെ ജില്ലാ കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. യുവജന സമരങ്ങളിലൂടെ നിരവധി തവണ പോലീസ് മർദ്ദനങ്ങൾക്കും ജയിൽവാസത്തിനും വിധേയനായിട്ടുണ്ട്.


