കായിക്കര കടവ് പാലം നിർമാണത്തിൽ അലംഭാവമെന്ന്
text_fieldsകായിക്കര കടവിലെ പാലം നിർമാണസ്ഥലം ജനപ്രതിനിധി സംഘം സന്ദർശിച്ചപ്പോൾ
ആറ്റിങ്ങൽ: പാലം നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന ആക്ഷേപത്തെത്തുടർന്ന് ജനപ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു.
അഞ്ചുതെങ്ങ്, വക്കം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കായിക്കര കടവ് പാലത്തിന്റെ നിർമാണത്തിലാണ് ആക്ഷേപമുയർന്നത്. ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങളാണ് സ്ഥലം സന്ദർശിച്ച് നാട്ടുകാരിൽനിന്ന് വിവരങ്ങൾ തേടിയത്.
പൈലിങ്ങുമായി ബന്ധപ്പെട്ടാണ് പരാതികൾ. അശാസ്ത്രീയമായാണ് പൈലിങ് നടത്തുന്നതെന്നും ഉദ്യോഗസ്ഥ മേൽനോട്ടം ഉണ്ടാകുന്നില്ലെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
ബൃഹത്തായ പാലത്തിനാവശ്യമായ രീതിയിലുള്ള പൈലിംഗ് വർക്കുകളല്ല നടക്കുന്നതെന്നും അധികൃതരുടെ ശ്രദ്ധ വേണമെന്നും നാട്ടുകാർ ജനപ്രതിനിധികളെ അറിയിച്ചു. വിഷയം എം.എൽ.എ ഉൾപ്പെടെ അധികാരികളെ അറിയിക്കാമെന്നും വിദഗ്ധരുടെ പരിശോധന ഉറപ്പുവരുത്താമെന്നും ജനപ്രതിനിധികൾ പ്രതികരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ, എസ്. പ്രവീൺചന്ദ്ര, പി. വിമൽരാജ്, വിജയ് വിമൽ, ജയ ശ്രീരാമൻ, അതുല്യ എന്നിവരാണ് സന്ദർശിച്ചത്.


