നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്; നഷ്ടങ്ങൾ മാത്രമെന്ന് യു.ഡി.എഫ്
text_fieldsആറ്റിങ്ങൽ: പ്രസിഡൻറ് പദവിയെ ചൊല്ലി ഇടതുപക്ഷത്ത് തർക്കങ്ങൾക്ക് വേദിയായ ഗ്രാമപഞ്ചായത്ത് ആണ് കിഴുവിലം. സി.പി.എം- സി.പി.ഐ ഒത്തുതീർപ്പിൽ പ്രസിഡൻറ് പദവി പങ്കിട്ടു. ജില്ലയിൽ ഏറ്റവും കൂടുതൽ പാടശേഖരങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ ഒന്നാണ് കിഴുവിലം.
കേരളത്തിലെ മുൻനിര കമ്പനികൾ പോലും ഇവിടെ ഗോഡൗണുകൾ സ്ഥാപിച്ച് കർഷകരിൽ നിന്ന് നെല്ല് ശേഖരിക്കുന്നുണ്ട്. കമ്പനികൾ നേരിട്ട് കൃഷിയും നടത്തുന്നു. ഓരോ വർഷം കഴിയുന്തോറും കൃഷിഭൂമി കുറഞ്ഞുവരികയാണ്. പുതിയ ദേശീയപാതയുടെ നിർമാണപ്രവർത്തനം തന്നെ കൃഷിഭൂമികൾക്ക് നടുവിലൂടെ ആയതോടെ താലൂക്കിൽ പൊതുവേ കൃഷിഭൂമി പെട്ടെന്ന് ചുരുങ്ങിയിട്ടുണ്ട്. ഇതിൽ കിഴുവിലം പഞ്ചായത്തിലെ കൃഷിഭൂമിയും ഉൾപ്പെടും.
പുതിയ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്‍റെ ദുരിതങ്ങൾ പേറുന്ന മേഖലകളിൽ ഒന്നുകൂടിയാണ് കിഴുവിലം. പഞ്ചായത്തിന്റെ പല പ്രദേശങ്ങളും മഴപെയ്താൽ ആഴ്ചകളോളം വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. നിർമാണ പ്രവർത്തനത്തിലെ അശാസ്ത്രീയത കാരണം മഴവെള്ളം ഒഴുകിപ്പോകാത്തതാണ് കാരണം. നിലവിലുണ്ടായിരുന്ന വികസന പ്രശ്നങ്ങൾക്കൊപ്പം ദേശീയപാതയുടെ നിർമാണത്തോടെ പുതിയ പ്രശ്നങ്ങളും ഉയർന്നുവരികയാണ്.
എൽ.ഡി.എഫ് ആണ് പഞ്ചായത്ത് ഭരണത്തിലുള്ളത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 20 സീറ്റിൽ 11 എണ്ണം നേടിയാണ് എൽ.ഡി.എഫ് അധികാരത്തിൽ എത്തിയത്. സി.പി.എം-8, സി.പി.ഐ-3, കോണ്‍ഗ്രസ്-5, ബി.ജെ.പി-2, എസ്.ഡി.പി.ഐ-1, സ്വതന്ത്രന്‍-1 എന്നതാണ് കക്ഷി നില.


