ലഹരി മാഫിയ ഭീഷണിയിൽ മങ്കാട്ടുമൂല
text_fieldsആറ്റിങ്ങല്‍: മങ്കാട്ടുമൂലയും പരിസരപ്രദേശങ്ങളും ലഹരി മാഫിയ ഭീഷണിയിൽ. ദീർഘകാലമായി ലഹരി മാഫിയ സജീവമായി പ്രവർത്തിക്കുന്ന മേഖലയാണ് ഊരുപൊയ്ക, മങ്കാട്ടൂമൂല പ്രദേശം. ക്രിമിനല്‍ കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിഞ്ഞവരുള്പ്പെടെയുള്ളവര് മങ്കാട്ടുമൂലയില്‍ ഒത്തുകൂടുന്നതായും ലഹരിക്കച്ചവടത്തില്‍ സജീവമായി ഇടപെടുന്നതായും സൂചനയുണ്ട്. കഴിഞ്ഞദിവസം ഇവിടെ ഒരു വീടിന് സമീപത്തുനിന്ന് രണ്ടുപേരെ കഞ്ചാവുമായി പോലീസ് പടികൂടിയിരുന്നു. ഇവര്‍ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ പുറത്തിറങ്ങി.
പതിനാറാംമൈലിന് സമീപത്തുനിന്ന് ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേരെ ചൊവ്വാഴ്ച ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കുടവൂര്‍ ഗോകുലം വീട്ടില്‍ ആദര്‍ശ് (27), കുടവൂര്‍ പ്ലാവിലവീട്ടില്‍ ശ്രീജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും മങ്കാട്ടുമൂലയിലെ സംഘവുമായി അടുത്ത ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
പ്രദേശത്ത് ലഹരിക്കച്ചവടക്കാരും അക്രമികളും തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് കഴിഞ്ഞദിവസം രാത്രിയില്‍ പരിശോധനക്കിറങ്ങി. രാത്രി 12 മണിയോടെ ഒരു വീടിന് സമീപം ചെറിയ വെളിച്ചം കണ്ട് എത്തുമ്പോള്‍ പത്തുപേര്‍ ഒരുമിച്ചിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്നു. പൊലീസുകാരെ കണ്ടതോടെ ഇവര്‍ പലവഴിക്കായി ഓടി. പൊലീസ് പിന്തുടര്ന്നെങ്കിലും രണ്ടുപേരെ മാത്രമാണ് പിടികൂടാനായത്.
മങ്കാട്ടുമൂലയിലെ ലഹരിവ്യാപാരസംഘത്തിന്റെ മര്‍ദ്ദനമേറ്റ് വക്കം പുത്തന്നടക്ഷേത്രത്തിന് സമീപം ചിരട്ടമണക്കാട്ട് വീട്ടില്‍ ശ്രീജിത്ത് (25) കൊല്ലപ്പെട്ടത് 2023 ഓഗസ്റ്റ് 16 ന് രാത്രിയിലാണ്. ആനൂപ്പാറ ആറാട്ടുകടവിന് സമീപത്തെ റബര്‍ തോട്ടത്തിലേക്ക് വിളിച്ചുവരുത്തി ശ്രീജിത്തിനെ സംഘംചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. ഈ കേസില്‍ 16 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിചാരണത്തടവിലായിരുന്ന ഇവരെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.
പ്രായപൂര്‍ത്തിയാകാത്തവരെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും സംഘം വലയിലാക്കിയതായാണ് സൂചന. മങ്കാട്ടുമൂലയില്‍ ലഹരി സംഘങ്ങള്‍ ആളുകളെ ഭീഷണിപ്പെടുത്തുന്നതും പതിവായി. പൊലീസില്‍ പരാതി നൽകുന്നവരുടെ വീടുകള്ക്കുമുന്നിലെത്തി വധഭീഷണി മുഴക്കിയ സംഭവങ്ങളുമുണ്ട്.