മുതലപ്പൊഴി; മണൽ വിൽക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം
text_fieldsമുതലപ്പൊഴിയിൽ നിന്ന് മണൽ നീക്കം ചെയ്യുന്നു
ആറ്റിങ്ങൽ: മുതലപ്പൊഴി ഹാർബറിൽ ഡ്രഡ്ജിംഗിലൂടെ നീക്കം ചെയ്യുന്ന മണൽ വിൽക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. മണൽ തീരശോഷണം അനുഭവിക്കുന്ന അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് മേഖലകളിൽ നിക്ഷേപിച്ച് തീരം സംരക്ഷിക്കണമെന്ന ആവശ്യമാണ് തീരദേശ വാസികളും വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്. നേരത്തെ ഇത് സർക്കാർ അംഗീകരിച്ചിട്ടുള്ളതാണെന്നും എന്നാൽ നിലവിലെ തീരുമാനം ഏകപക്ഷീയമാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മണ്ണ് വിൽക്കുവാനുള്ള നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നും ദേശീയപാത അതോറിട്ടിയുടെ പേരുപറഞ്ഞ് സർക്കാർ ലക്ഷ്യമിടുന്നത് വൻ അഴിമതിയാണെന്നും തീരസംരക്ഷണ സമിതി പറഞ്ഞു. ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.


