സംരക്ഷണ നടപടികളില്ല; ശ്രീപാദം സ്റ്റേഡിയം നാശത്തിലേക്ക്
text_fieldsആറ്റിങ്ങൽ വലിയകുന്ന് ശ്രീപാദം സ്റ്റേഡിയം
ആറ്റിങ്ങൽ: സംരക്ഷണ നടപടികളില്ലാത്തതിനാൽ ശ്രീപാദം സ്റ്റേഡിയം പ്രവർത്തനം അവതാളത്തിലേക്ക്. താലൂക്കിലെ ഏറ്റവും വലുതും ആധുനികവുമായ സ്റ്റേഡിയമാണ് ശ്രീപാദം സ്റ്റേഡിയം. നിലവിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലാണ് സ്റ്റേഡിയവും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. എന്നാൽ സംരക്ഷണ നടപടികൾ ഇല്ലാതെ എല്ലാ നിലയിലും ശ്രീപാദം സ്റ്റേഡിയം നശിച്ചു കൊണ്ടിരിക്കുകയാണന്നു കായിക പ്രേമികൾ ആരോപിക്കുന്നു.
സ്റ്റേഡിയത്തിനടുത്തുള്ള വാട്ടർ അതോറിറ്റിയുടെ പരിസരത്തുനിന്നുള്ള മാലിന്യങ്ങൾ ഒന്നാകെ ഈ സ്റ്റേഡിയത്തിൽ ഒഴുകിയെത്തുകയാണ്. മെയിന്റനൻസ് നടത്താത്തത് കൊണ്ട് സ്റ്റേഡിയത്തിലെ ഫുട്ബോൾ ടർഫും നശിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റേഡിയത്തിലെ പിറ്റ് സംരക്ഷിക്കാനും നടപടിയില്ല. സ്റ്റേഡിയത്തിലെ ഫുട്ബാൾ പോസ്റ്റുകളും നെറ്റുകളും ഇവിടെ ഇപ്പോൾ കാണാനേയില്ല. സ്റ്റേഡിയവുമായി ബന്ധപ്പെട്ട കായിക മേഖലയിലെ കുട്ടികൾക്കുള്ള ഹോസ്റ്റൽ അറ്റകുറ്റപ്പണി നടത്താതെ നാശത്തിലേക്ക് നീങ്ങുന്നു. ഹോസ്റ്റലിൽ കുടിവെള്ള ദൗർലഭ്യം നേരിടുന്നുണ്ട്. ശുദ്ധജലം ലഭിക്കുന്ന ഇവിടത്തെ കിണർ പ്യൂരിഫിക്കേഷൻ ചെയ്യാതെ ഇട്ടിരുന്ന ഉപയോഗിക്കാനാവാത്ത അവസ്ഥയായി. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് മെനു അനുസരിച്ചുള്ള ഭക്ഷണം നിന്നിട്ട് മാസങ്ങളായിരിക്കുകയാണെന്ന് ആക്ഷേപം ഉണ്ട്.
അന്തർദേശീയ നിലവാരത്തിലുള്ള ഈ ഫുട്ബോൾ സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റുകൾ ഉൾപ്പെടെ ഒന്നിന് പിറകെ ഒന്നായി നശിക്കുകയാണ്. സ്റ്റേഡിയത്തിന്റെ ഭാഗമായ ഇൻഡോർ സ്റ്റേഡിയത്തിൽ വലിയ ചോർച്ചയാണ്. സ്റ്റേഡിയം ജിംനേഷ്യത്തിലെ എ.സി പ്രവർത്തിക്കാതതു കാരണം അടച്ചു കെട്ടിയ മുറിക്കുള്ളിൽ കായിക പരിശീലനം നടത്താൻ കഴിയാത്ത അവസ്ഥയാണ്. സ്റ്റേഡിയത്തിലെ കോച്ചുകൾക്ക് നാലു മാസത്തെ ശമ്പള കുടിശ്ശികയമുണ്ട്. സെക്യൂരിറ്റി ജീവനക്കാർക്കും, സ്വീപ്പേഴ്സിനും, മെസ് ജീവനക്കാർക്കുമെല്ലാം വലിയ ശമ്പള കുടിശ്ശിക ഉണ്ടായിട്ടുണ്ട്. സർക്കാർ സ്റ്റേഡിയത്തിനും ഹോസ്റ്റലിനും മെയിന്റനൻസ് ഗ്രാന്റ് അനുവദിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം എന്നാണ് ആക്ഷേപം.


