കെ.എസ്.ആർ.ടി.സി വിശ്രമ കേന്ദ്രത്തിന്റെ ഭാഗം അടർന്ന് വീഴുന്നു
text_fieldsആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി കെട്ടിടത്തിന്റെ ഭാഗം അടർന്ന് വീഴുന്ന നിലയിൽ
ആറ്റിങ്ങൽ: കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്നുവീഴുന്നു. പല ഭാഗങ്ങളും പൊട്ടിപ്പിളർന്ന നിലയിൽ. ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ വിശ്രമ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. കെട്ടിടത്തിന്റെ മുൻഭാഗം ഉൾപ്പെടെ മൂന്നു വശങ്ങളിലായുള്ള പാരപ്പെറ്റ്, സൺഷെയ്ഡ് ഭാഗങ്ങളാണ് തകർന്നത്.
കോൺക്രീറ്റിലെ കമ്പി ഉൾപ്പെടെ പുറത്ത് കാണാവുന്ന നിലയിലാണിപ്പോൾ. വ്യാപകമായി പൊട്ടലുവീണ് ചിതറിയ നിലയിലുമാണ്. ഇത് യാത്രക്കാരിൽ ആശങ്ക സൃഷ്ടിക്കുന്നു.
രാത്രിയും പകലുമില്ലാതെ യാത്രക്കാർ ബസ് കാത്തിരിക്കുന്ന സ്ഥലമാണിത്. പകൽ സമയങ്ങളിൽ എല്ലാ സമയത്തും യാത്രക്കാർ ഈ ഭാഗത്ത് ബസ് കാത്തുനിൽപ്പുണ്ടാവും.
രണ്ടു പതിറ്റാണ്ട് പഴക്കമുള്ളതാണ് ഈ കെട്ടിടം. ആനത്തലവട്ടം ആനന്ദൻ എം.എൽ.എ ആയിരുന്ന സമയത്ത് നിർമിച്ചതാണ്. വിശ്രമ കേന്ദ്രമായാണ് നിർമിച്ചതെങ്കിലും പൂർത്തിയായപ്പോൾ ജീവനക്കാർ കൈയ്യടക്കി. നിലവിൽ കെട്ടിടം കെ.എസ്.ആർ.ടി.സി ഓഫിസ് ആയാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ വരാന്ത മാത്രമാണ് യാത്രക്കാർക്കുള്ളത്. ഈ വരാന്തക്ക് മുകളിൽ വരുന്ന പാരപ്പെറ്റാണ് തകരുന്നത്.
ആറ്റിങ്ങൽ ഡിപ്പോ നവീകരിക്കുന്നതിന് കെ.എസ്.ആർ.ടി.സി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ രൂപരേഖ രണ്ടുമാസം മുമ്പ് പുറത്ത് വിട്ടിരുന്നു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.


