മാലിന്യം ‘വലിച്ചെറിഞ്ഞ്’ റെയിൽവേ
text_fieldsകിഴുവിലം പഞ്ചായത്ത് പരിധിയിൽ റെയിൽവേ മാലിന്യം തള്ളിയ നിലയിൽ
ആറ്റിങ്ങൽ: ആളൊഴിഞ്ഞ സ്ഥലങ്ങളിൽ റെയിൽവേ മാലിന്യം തള്ളുന്നു, ജനം ദുരിതത്തിൽ. കിഴുവിലം ഗ്രാമ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലാണ് രാത്രി മാലിന്യങ്ങൾ തള്ളുന്നത്. ആഹാര അവശിഷ്ടങ്ങൾ, കുടിവെള്ള കുപ്പികൾ, ഭക്ഷണ കണ്ടൈനറുകൾ എന്നിവയാണ് മാലിന്യത്തിലുള്ളത്. ട്രെയിനിൽനിന്നുള്ള മാലിന്യമാണ് ഇവയെന്ന് പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചു. ട്രെയിനുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിന് കരാറെടുക്കുന്നവർ ശേഖരിക്കുന്ന മാലിന്യം ഇവിടെ കൊണ്ട് തള്ളിയതാകുമെന്ന് കരുതുന്നു. റെയിൽ നീർ ഉൾപ്പെടെയുള്ള ട്രെയിനിലെ ഭക്ഷണപാനീയങ്ങളുടെ പാക്കറ്റുകളും കുപ്പികളുമാണ് മാലിന്യത്തിൽ കൂടുതലായുള്ളത്. ഐ.ആർ.സി.ടി.സി ലേബലുള്ള വിവിധ സാധനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പൂർണമായും ട്രെയിനിലുണ്ടാകാൻ സാധ്യതയുള്ള മാലിന്യങ്ങൾ മാത്രമാണ് ഈ മാലിന്യ കൂമ്പാരങ്ങളിലുള്ളത്.
ശുചിത്വത്തെക്കുറിച്ച് ട്രെയിൻ ബോഗികളിലും റെയിൽവേ സ്റ്റേഷനുകളിലും ബോധവത്കരണ പ്രഹസനം നടത്തുന്ന റെയിൽവേ തന്നെയാണ് ഉദ്യോഗസ്ഥരുടെ അറിവോടെ ഇത്തരത്തിൽ മാലിന്യങ്ങൾ ഗ്രാമ പ്രദേശങ്ങളിൽ തള്ളുന്നതെന്ന് കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ ആരോപിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യവ്യക്തിയുടെ പുരയിടങ്ങളിലുമുള്ള മാലിന്യ നിക്ഷേപത്തിനെതിരെ ഗ്രാമ പഞ്ചായത്ത് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, തിരുവനന്തപുരം ഡിവിഷനൽ ഓഫിസർ ഉൾപ്പെടെയുള്ളവർക്ക് എതിരെ നിയമനുസൃത നോട്ടീസ് അയക്കാനും പിഴ ഈടാക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ചയായി ആറ്റിങ്ങലിൽ ദേശീയപാത നിർമാണ മേഖലയിൽ വൻ തോതിൽ മാലിന്യം തള്ളിയിരുന്നു. ദേശീയപാത ബൈപാസ് നിർമാണ മേഖലയിലാണ് അന്ന് മാലിന്യ നിക്ഷേപമുണ്ടായത്. ആറ്റിങ്ങൽ നഗരസഭയിൽ തോട്ടവാരം ബൈപാസ് നിർമാണ മേഖലയിലും കൊല്ലമ്പുഴയിലുമാണ് മാലിന്യം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയിലാണ് ഇവിടെ മാലിന്യം തള്ളൽ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും മാലിന്യത്തിന്റെ അളവ് വർധിക്കുന്നു. ആദ്യം നഗരസഭയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നുവെങ്കിൽ ഇപ്പോൾ കിഴുവിലം പഞ്ചായത്തിന്റെ വിവിധ മേഖലയിലേക്ക് മാറിയിട്ടുണ്ട്.