ആറുവരിപ്പാത; ആറ്റിങ്ങലിൽ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു
text_fieldsവാമനപുരംനദിക്ക് കുറുകെയുള്ള പുതിയ പാലത്തിന്റ നിർമാണ പ്രവർത്തനം പാതിവഴിയിൽ മുടങ്ങിയ നിലയിൽ
: ആറുവരിപ്പാതയുടെ ഭാഗമായ നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നു. ദേശീയപാത 66ൽ കഴക്കൂട്ടം-കടമ്പാട്ടുകോണം ഭാഗത്തെ നിർമാണ പ്രവൃത്തികളാണ് ഇഴഞ്ഞുനീങ്ങുന്നത്.
മറ്റുഭാഗങ്ങളിൽ റോഡ് ഗതാഗതം ഉയർത്തുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ആറ്റിങ്ങലിൽ പാത കടന്നുപോകുന്നത് ബൈപാസ് മാതൃകയിലാണ്. ഈ മേഖലയിൽ ചെറുതും വലുതുമായ നിരവധി പാലങ്ങൾ ഉൾപ്പെടെ നിർമിക്കേണ്ടതുണ്ട്. എന്നാൽ നിർമാണം ആരംഭിച്ചവതന്നെ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. വാമനപുരംനദിക്ക് കുറുകെയുള്ള ബൃഹത്തായ പാലത്തിന്റെ നിർമാണം നിർത്തിവെച്ച നിലയിലാണ്. നദിക്കുതന്നെ 60 മീറ്ററോളം വീതിയുള്ള ഭാഗത്താണ് പാലം നിർമിക്കുന്നത്. തൂണുകളെല്ലാം സജ്ജമാക്കിയെങ്കിലും മുകളിലെ സ്പാനുകൾ പൂർത്തിയാക്കിയിട്ടില്ല. ആദ്യഘട്ടത്തിൽ നിർമിച്ച 10 സ്പാനുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇനിയും 30 സ്പാനുകളാണ് നിർമിക്കേണ്ടത്.
ഈ റോഡിൽ വിവിധ ഭാഗങ്ങളിലായി അടിപ്പാതകളും മേൽപ്പാതകളും നിർദേശിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നിർമാണം ആരംഭിച്ചുവെങ്കിലും മാമം ആറ്റിന് കുറുകെ ഉൾപ്പെടെ മറ്റ് നിരവധി ഇടങ്ങളിൽ പാലത്തിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടുമില്ല.
നിർമാണപ്രവർത്തനം ആരംഭിച്ച സ്ഥലങ്ങളിൽ തന്നെ പണി മുടങ്ങിയിട്ട് മാസങ്ങളായി. കരാർ കമ്പനിയുടെ അലംഭാവമാണ് കാരണമെന്നാണ് ആക്ഷേപം. നിർമാണപ്രവൃത്തികൾ നടത്തുന്ന അന്തർസംസ്ഥാന തൊഴിലാളികൾക്ക് യഥാസമയം കൂലി കിട്ടാത്തതുകൊണ്ടുള്ള പ്രശ്നങ്ങളും ഉണ്ട്. രണ്ടുമാസം വരെ കൂലി മുടങ്ങിയത് ആരോപിച്ച് നിരവധിതവണ തൊഴിലാളികൾ സംഘടിച്ച് പണിമുടക്കി പ്രതിഷേധിച്ചിരുന്നു. നിർമാണം ആരംഭിച്ച ആദ്യഘട്ടത്തിൽ രാത്രിയും പകലും ഒരുപോലെ വിവിധ മേഖലകളിൽ ഒരേ സമയം ജോലി നടന്നിരുന്നു.
നിലവിൽ പണിമുടങ്ങിയതായി ആരോപണം ഉയരുമ്പോൾ നാമമാത്രമായി ചില സ്ഥലങ്ങളിൽ ജോലി ചെയ്യുകയാണ്. സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കരുതപ്പെടുന്ന പ്രധാന വികസന പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്. ചുമതലപ്പെട്ട ഉദ്യോഗസ്ഥരെല്ലാം കരാർ കമ്പനിക്കാണ് പൂർണ ഉത്തരവാദിത്തം എന്നും അവരോട് അന്വേഷിക്കണമെന്നും പറഞ്ഞ് ഒഴിയുകയാണ്.
നിർമാണം വേഗത്തിലാക്കണം -അടൂർ പ്രകാശ് എം.പി
ആറ്റിങ്ങൽ: ദേശീയപാത നിർമാണം വേഗത്തിലാക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്സഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. തുടക്കത്തിൽ വേഗത്തിലായിരുന്ന നിർമാണപ്രവൃത്തികൾ ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. പണികൾ പാതിവഴിയിൽ നിർത്തിയതുമൂലം പൊതുജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഏറെയാണ്.
ദേശീയപാത 66ൽ മറ്റ് റീച്ചുകളെ അപേക്ഷിച്ച് കഴക്കൂട്ടം കടമ്പാട്ടുകോണം ഭാഗത്ത് ഗതാഗതതിരിവുകൾ ഏറെയാണ്. നിർമാണ പ്രവൃത്തികളിൽ കൂടുതൽ ശ്രദ്ധ വേണ്ട ഇവിടെ ദേശീയപാത അതോറിറ്റി ശരിയായ പഠനം നടത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. ഇത് പരിഹരിക്കുന്നതിന് നിർമാണ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും നിർദേശം നൽകണം. വിവിധ ഗവ. ഡിപ്പാർട്ട്മെന്റുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സഹകരണവും അത്യാവശ്യമാണെന്ന് എം.പി സബ്മിഷനിൽ ആവശ്യപ്പെട്ടു.