മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും വള്ളം മണലിൽ ഉറച്ചു
text_fieldsമുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മണൽത്തിട്ടയിൽ കുടുങ്ങിയപ്പോൾ
ആറ്റിങ്ങൽ: മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ ഉറച്ചു. പുതുക്കുറിച്ചി സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ള താഹാ റസൂൽ എന്ന വള്ളമാണ് 32 തൊഴിലാളികളുമായി അഴിമുഖത്ത് കുടുങ്ങിയത്. മത്സ്യബന്ധനശേഷം മടങ്ങിവരവേ മൂന്നര മണിയോടെയാണ് സംഭവം. മണലിൽ നിന്ന് എസ്കവേറ്റർ ഉപയോഗിച്ച് വള്ളം തള്ളി നീക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ കെട്ടിവലിച്ചാണ് കടലിലേക്കിറക്കിയത്.
മുതലപ്പൊഴി ചാനൽ ആഴം കൂട്ടുന്നതിനുള്ള ഡ്രഡ്ജിങ് പ്രവൃത്തികൾ നടന്നുവരികയാണ്. തൃശൂർ ചെറ്റുവ ഹാർബറിൽ നിന്നെത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് മണൽ നീക്കം ചെയ്യുന്നത്. ഹാർബർ എഞ്ചീനീയറിങ് വകുപിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. അഴിമുഖത്ത് ഒരുലക്ഷം മീറ്റർ ക്യൂബ് മണൽ അടിഞ്ഞിട്ടുണ്ടെന്നാണ് ഹാർബർ വകുപ്പിന്റെ കണക്ക്. ഇതാണ് ഹാർബറിൽ അപകടം സൃഷ്ടിക്കുന്നത്. ഈ മണൽ തിട്ടയിലാണ് വള്ളം കുടുങ്ങിയത്.
നിലവിൽ ഒരു ദിവസം 2000 മീറ്റർ ക്യൂബ് മണലാണ് അഴിമുഖത്ത് നിന്നു നീക്കുന്നത്. ഒരു മാസം കൊണ്ട് മണൽ നീക്കി ഹാർബർ സുരക്ഷിതമാക്കാനാണ് ലക്ഷ്യം. അഴിമുഖത്തിന്റെ 400 മീറ്റർ നീളത്തിലും 90 മീറ്റർ വീതിയിലും അഞ്ചുമീറ്റർ താഴ്ചയിലുമാണ് മണൽ നീക്കം ചെയ്യേണ്ടത്. 2021 ലാണ് അവസാനമായി ഡ്രഗ്ജർ ഉപയോഗിച്ച് മണ്ണുനീക്കം നടത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള മണൽനീക്കം നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇതോടെയാണ് മണൽതിട്ട രൂപപ്പെട്ടത്.