Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightമങ്കുഴി,...

മങ്കുഴി, നിലയ്ക്കാമുക്ക് മാർക്കറ്റുകളുടെ നവീകരണം ഇഴയുന്നു

text_fields
bookmark_border
മങ്കുഴി, നിലയ്ക്കാമുക്ക് മാർക്കറ്റുകളുടെ നവീകരണം ഇഴയുന്നു
cancel

ആറ്റിങ്ങൽ: വക്കം പഞ്ചായത്തിലെ മങ്കുഴി, നിലയ്ക്കാമുക്ക് ചന്തകളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നത് കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കച്ചവടക്കാരും ഉപഭോക്താക്കളും വാഹന യാത്രക്കാരും പ്രതിസന്ധിയിൽ.

റോഡിനു വശങ്ങളിലെ നടപ്പാതകളിലിരുന്നാണ് നിലവിൽ മത്സ്യക്കച്ചവടം ഉൾപ്പെടെ നടത്തുന്നത്. ഇത് കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കച്ചവടമാരംഭിക്കുന്നതോടെ പ്രദേശത്ത് വലിയ തിരക്കാകും. ഇത് വാഹന ഗതാഗതത്തിനും തടസ്സമാകും. വലിയ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടകരമായ അവസ്ഥയിലാണ് ജനങ്ങൾ സാധനം വാങ്ങുന്നത്.

ഇടുങ്ങിയ റോഡുകളുള്ള വക്കം ജങ്ഷനിൽ വഴിയരികിലെ കച്ചവടം കൂടിയായതോടെ പ്രദേശത്ത് യാത്രാക്ലേശവും രൂക്ഷമാണ്. കച്ചവടം പെരുവഴിയിലായതോടെ വെയിലും മഴയുമേറ്റ് കച്ചവടം ചെയ്തും കച്ചവട വസ്തുക്കൾ സൂക്ഷിച്ചുവെക്കാൻ ഇടമില്ലാതെ കച്ചവടക്കാരും ദുരിതത്തിലാണ്. ചന്തയുടെ പണി ഇഴഞ്ഞുനീങ്ങുന്നത് കച്ചവടക്കാരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

എട്ടു മാസം മുമ്പ് പഴയ ചന്തകൾ പൂർണമായും പൊളിച്ചുമാറ്റി ആരംഭിച്ച നിർമാണപ്രവൃത്തികൾ എങ്ങുമെത്തിയില്ല. അടിസ്ഥാനം നിർമിച്ച് തൂണുകളുടെ പണി മാത്രമാണ് നിലയ്ക്കാമുക്ക് ചന്തയിൽ നടത്തിയത്. വക്കം മങ്കുഴി ചന്തയിൽ അതും നടന്നിട്ടില്ല. പഴയചന്ത പൊളിച്ചുമാറ്റിയപ്പോൾ കച്ചവടക്കാർക്ക് കച്ചവടം ചെയ്യാൻ അധികൃതർ പകരം സ്ഥലം നൽകിയിരുന്നില്ല. റോഡരികിലെ നടപ്പാതയിൽ അപകടം പിടിച്ച നിലയിലാണ് നിലവിൽ കച്ചവടം നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ യാതൊന്നുമില്ലാതെയാണ് ഇരു ചന്തകളും കാലങ്ങളായി പ്രവർത്തിച്ചിരുന്നത്.

ചന്തകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാർ പരാതികൾ നൽകിയിരുന്നു. ഒടുവിൽ കിഫ്ബി ഫണ്ടിൽ നിന്ന് തുക അനുവദിക്കുകയും തുടർന്ന് കച്ചവടക്കാരെ ഒഴിപ്പിച്ച് പഴയ കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുമാറ്റി നിർമാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു.

വക്കം മങ്കുഴി ചന്തയിൽ 1.95 കോടി രൂപ ചെലവിൽ 18 മത്സ്യവിൽപ്പന സ്റ്റാളുകളും, എട്ട് കടമുറിയും ശുചിമുറികളും ഉൾപ്പെടുന്ന ഒരു നില കെട്ടിടമാണ് നിർമിക്കുന്നത്. നിലയ്ക്കാമുക്കിൽ 1.55 കോടി രൂപ ചെലവിൽ 15 മത്സ്യവിൽപ്പന സ്റ്റാളുകളും അഞ്ച് കടമുറികളും, ദിവസക്കച്ചവടക്കാർക്കായുള്ള സ്ഥലം, ശുചിമുറികൾ ഉൾപ്പെടെയുള്ള ഒരു നില കെട്ടിടവുമാണ് നിർമിക്കുന്നത്. സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നിർമാണ ചുമതല.

Show Full Article
TAGS:develops trivandrum Kerala News 
News Summary - The renovation of Mankuzhy and Nilaykkamukku markets is dragging on
Next Story