പഠിക്കാൻ ക്ലാസ് മുറികളെവിടെയെന്ന് മുടപുരത്തെ കുട്ടികൾ
text_fieldsമുടപുരം ഗവ.യു.പി.എസിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റിയും നിലവിലുള്ള കെട്ടിടത്തിലെ ഫർണിച്ചർ പുറത്തിട്ടനിലയിലും
ആറ്റിങ്ങൽ: സ്കൂൾ നാളെ തുറക്കുമ്പോൾ പഠിക്കാൻ ക്ലാസ് മുറികളെവിടെയെന്ന് ആശങ്കപ്പെടുകയാണ് മുടപുരം ഗവ. യു.പി.എസിലെ കുട്ടികൾ. മികവ് പുലർത്തുന്ന ഈ ഗ്രാമീണ വിദ്യാലയത്തിന് ഭൗതികസാഹചര്യം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ രണ്ടു തവണയായി നാലു കോടി രൂപ ലഭ്യമാക്കി.
പഴയ കെട്ടിടം പൊളിച്ചെങ്കിലും പുതിയതിന്റെ നിർമാണം ആരംഭിച്ചില്ല. കഴിഞ്ഞ ദിവസം എ.ഇ.ഒ സ്കൂൾ സന്ദർശിച്ചിരുന്നു. നിലവിലെ കെട്ടിടത്തിന് മുകളിൽ അടിയന്തരമായി താൽക്കാലിക ഷെഡ് കെട്ടണമെന്ന നിർദേശമാണ് അദ്ദേഹം നൽകിയത്. എന്നാൽ, മഴക്കാലത്ത് എത്രത്തോളം സുരക്ഷിതമായിരിക്കും ഈ ഷെഡെന്നാണ് മാതാപിതാക്കളുടെ പേടി.
എൽ.കെ.ജി മുതൽ ഏഴു വരെ മുന്നൂറോളം വിദ്യാർഥികൾ ഇവിടുണ്ട്. അര കിലോമീറ്റർ അകലെയുള്ള ക്ഷേത്രവളപ്പിലേക്ക് താൽക്കാലികമായി സ്കൂൾ പ്രവർത്തനം മാറ്റാൻ ഒരു വിഭാഗം നാട്ടുകാർ ആവശ്യപ്പെടുന്നു. താൽക്കാലിക ഷെഡ് അവർ നിർമിച്ചുനൽകാമെന്ന് യുവജന കൂട്ടായ്മ അറിയിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് ക്ഷേത്ര കമ്മിറ്റിയിൽ ഭിന്നാഭിപ്രായമുള്ളതിനാൽ അനുമതിയായിട്ടില്ല. ക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി ജൂൺ നാലിന് യോഗം ചേരും. എന്നാൽ, സ്കൂൾ മറ്റൊരു സ്വകാര്യ സ്ഥലത്തേക്ക് താൽക്കാലികമായി മാറ്റി സ്ഥാപിക്കുന്നത് കൂടുതൽ സങ്കീർണവും നിരവധി അനുമതികൾ ആവശ്യമുള്ളതുമാണെന്ന് എ.ഇ.ഒ വ്യക്തമാക്കിയിരുന്നു.