ബൈക്കിലെത്തിയവർ മാലിന്യം വലിച്ചെറിഞ്ഞു; നടപടിക്ക് നഗരസഭ
text_fieldsആറ്റിങ്ങൽ നഗരസഭ മാലിന്യസംസ്കരണ പ്ലാൻറിന് സമീപം ബൈക്കിലെത്തിയവർ മാലിന്യം
വലിച്ചെറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യം
ആറ്റിങ്ങൽ: മാലിന്യനിക്ഷേപകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ. ആറ്റിങ്ങൽ നഗരസഭ മാലിന്യ സംസ്കരണ പ്ലാൻറിന് സമീപം ഗാന്ധിനഗർ റോഡിലെ ചുറ്റുമതിലില്ലാത്ത ഒഴിഞ്ഞ പുരയിടത്തിലേക്കാണ് കഴിഞ്ഞദിവസം ഉച്ചയോടെ ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടുപേർ മാലിന്യം നിറച്ച ചാക്കുകെട്ട് വലിച്ചെറിഞ്ഞ ശേഷം കടന്നുകളഞ്ഞത്.
പാർവതീപുരം റെസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമീപത്തുസ്ഥാപിച്ചിരുന്ന സുരക്ഷ കാമറയിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പരടക്കമുള്ള ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞു. നഗരസഭ സെക്രട്ടറിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് സ്ക്വാഡ് സ്ഥലത്തെത്തി ചാക്കുകെട്ട് തുറന്നു പരിശോധിച്ചു.
പ്ലാസ്റ്റിക് മാലിന്യവും സാനിറ്ററി പാഡുകളും ആഹാരാവശിഷ്ടവും ആറ്റിങ്ങൽ സ്വദേശിയായ ഒരു ഡോക്ടറുടെ മേൽവിലാസം അടങ്ങിയ കൊറിയർ കവറുകളും ചാക്കിനുള്ളിൽനിന്ന് കണ്ടെത്തി. രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിൽ ആറ്റിങ്ങൽ തിനവിള സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞു.
ഇവർക്കും കൃത്യം ചെയ്യാൻ ഉപയോഗിച്ച വാഹനത്തിനെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.എസ്. അരുൺ അറിയിച്ചു.