സൂനാമി വീടുകൾ അപകടാവസ്ഥയിൽ
text_fieldsഅഞ്ചുതെങ്ങ് സൂനാമി കോളനിയിൽ വീടിന്റെ മേൽക്കൂര
തകർന്ന നിലയിൽ
ആറ്റിങ്ങൽ: സൂനാമി വീടുകൾ അപകടാവസ്ഥയിൽ; മേൽക്കൂര അടർന്നു വീഴുന്നു. സുനാമി ഫണ്ടിൽ ഉൾപ്പെടുത്തി സർക്കാർ നിർമിച്ചു നൽകിയ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.
അഞ്ചുതെങ്ങ് ആറാം വാർഡിൽ പുത്തൻനട കേട്ടുപുര കറിച്ചട്ടിമൂലിയിൽ (സുനാമി കോളനി) ആന്റോ-ട്രീസ ദമ്പതികളുടെ വീടിന്റെ കോൺക്രീറ്റ് മേൽക്കൂരയാണ് തകർന്നുവീണത്. കഴിഞ്ഞ ദിവസം രാവിലെ 11ഓടെയായിരുന്നു സംഭവം. സംഭവസമയം കിടപ്പുരോഗിയായ ആന്റോ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലും സമാന സംഭവം ഉണ്ടായി.
ദമ്പതികളും മക്കളും ചെറുമക്കളുമായി 12 അംഗങ്ങളാണ് ഈ വീട്ടിൽ താമസിക്കുന്നത്. 16 വർഷങ്ങൾക്ക് മുമ്പ് സുനാമി ഫണ്ട് ഉപയോഗിച്ച് രണ്ട് മുറികളും വരാന്തയും അടുക്കളയും ഉൾപ്പെടെ 97 വീടുകളാണ് നിർമിച്ചുനൽകിയത്. ഇതിൽ എല്ലാ വീടുകളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് താമസക്കാർ പറയുന്നു. വീടുകളുടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അറ്റകുറ്റപ്പണിക്കുള്ള സഹായം പോലും കിട്ടുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു.
അടിയന്തരമായി കെട്ടിടങ്ങൾ അറ്റകുറ്റപ്പണി ചെയ്യുകയോ പൊളിച്ച് പുനർ നിർമ്മിക്കുകയോ ചെയ്തില്ലെങ്കിൽ മനുഷ്യജീവനടക്കം അപകടത്തിൽപ്പെടുന്ന സ്ഥിതിയാകും. ഗ്രാമപഞ്ചായത്തും പ്രദേശവാസികളും നിരവധി പരാതികൾ ഫിഷറീസ് വകുപ്പിന് നൽകിയിട്ടും നടപടിയുണ്ടാകുന്നില്ല. അടിയന്തര നടപടി ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. പ്രവീൺചന്ദ്ര മുഖ്യമന്ത്രിക്ക് നിവേദനം നൽകി.