ഓട്ടോ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപ്പെട്ട ഓട്ടോറിക്ഷക്ക് ഉള്ളിൽ കുടുങ്ങിയ ഷാജഹാനെ ഫയർഫോഴ്സ് രക്ഷിക്കുന്നു
ആറ്റിങ്ങൽ: നഗരമധ്യത്തിൽ വാഹനാപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്. കൊല്ലം ഉമയനല്ലൂർ ഷിബിൻ മൻസിലിൽ ഷാജഹാൻ ഡ്രൈവിങ് സീറ്റിൽ കുടുങ്ങി. ആറ്റിങ്ങൽ ദേശീയപാതയിൽ എൽ.ഐ.സി ഓഫിസിന് എതിർവശത്ത് ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ കോരാണി ഭാഗത്തുനിന്നു കല്ലമ്പലം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. യാത്രക്കാർ രണ്ടു പേരും തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയി.
ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി വാഹനം പൊളിച്ചാണ് ഡ്രൈവറെയും യാത്രക്കാരിയെയും പുറത്തെടുത്തത്. യാത്രക്കാരിയെ ആദ്യം പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവറെ രക്ഷിക്കുക ഏറെ ശ്രമകരമായിരുന്നു. ഹൈഡ്രോളിക് സ്പ്രഡർ, കട്ടർ എന്നിവ ഉപയോഗിച്ച് ശ്രമപ്പെട്ട് ഓട്ടോയുടെ മുൻഭാഗം മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.
തുടർന്ന് വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ ഇരുവരെയും ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രതീപ്കുമാർ, സുജിത്ത്, നന്ദഗോപാൽ, ബിജു എന്നിവർ രക്ഷാപ്രവർത്തനം നടത്തി.


