വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ വികസനം ഇഴയുന്നു
text_fieldsവലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം
ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾ ഇഴയുന്നു. കോടികൾ ചെലവഴിച്ച് നിർമിച്ച ബ്ലോക്ക് കെട്ടിടം ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. രണ്ടാംഘട്ട വികസനം പ്രഖ്യാപനത്തിലൊതുങ്ങി. രോഗികൾ സൗകര്യങ്ങളുടെ അപര്യാപ്തയിൽ ദുരിതം അനുഭവിക്കുമ്പോഴാണിത്.
ഉദ്ഘാടനം ചെയ്ത കെട്ടിടം ഒരു വർഷം കഴിഞ്ഞിട്ടും അടച്ചിട്ടിരിക്കുകയാണ്. 3.5 കോടി രൂപ ചെലവിട്ടാണ് 5500 ചതുരശ്രയടി വിസ്തൃതിയിൽ കെട്ടിടം നിർമിച്ചത്. അത്യാഹിത വിഭാഗത്തിനായാണ് കെട്ടിടം നിർമിച്ചത്. ഇതിന്റെ രണ്ടാം ഘട്ടമായി ഒ.പി േബ്ലാക്ക് നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗവും ഒ.പി ബ്ലോക്കും സജ്ജമായാല്‍ ജില്ലയില്‍ മികച്ച സൗകര്യങ്ങളുള്ള താലൂക്കാശുപത്രിയായി വലിയകുന്ന് മാറും.
ഇപ്പോള്‍ ഒ.പിയും അത്യാഹിതവിഭാഗവും ലാബും ഓഫിസും ഒരുകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അത്യാഹിതവിഭാഗത്തില്‍ 24 മണിക്കൂറും ഡോക്ടറുടെ സേവനമുണ്ട്. ദിവസവും 1500ഓളം പേർ ചികിത്സ തേടുന്നുണ്ട്.
ദേശീയപാതയോട് ചേര്‍ന്ന ആശുപത്രിയില്‍ അപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തുന്നവര്‍ ധാരാളമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് അത്യാഹിതവിഭാഗം വിഭാവനം ചെയ്തത്.
ഇതിന് സമീപം ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും ചികിത്സയ്ക്കായുള്ള പ്രത്യേകബ്ലോക്കും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. കെട്ടിടം നിർമിച്ചെങ്കിലും ആവശ്യമായ ഫർണിച്ചറുകളും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടില്ല. ലക്ഷങ്ങൾ മുടക്കിയാലേ ഇവ സ്ഥാപിക്കാൻ കഴിയൂ.