വാമനപുരം നദിയിലെ നീരൊഴുക്ക് നിലക്കുന്നു
text_fieldsനീരൊഴുക്ക് കുറഞ്ഞ വാമനപുരം നദി. ആറ്റിങ്ങൽ പൂവൻപാറ ചെക്ക് ഡാമിന് സമീപത്ത് നിന്നുള്ള ദൃശ്യം
ആറ്റിങ്ങല്‍: വാമനപുരം നദിയിലെ നീരൊഴുക്ക് നിലക്കുന്നു. ഈ വർഷം കൂടുതൽ മഴ ലഭിച്ചിരുന്നത് ജലക്ഷാമം കുറക്കും എന്ന പ്രതീക്ഷയാണ് നൽകിയിരുന്നത്. എന്നാൽ വേനൽ തുടങ്ങിയപ്പോൾ തന്നെ നദിയിലെ ജല നിരപ്പ് വേഗത്തിൽ താഴ്ന്നു. നാമമാത്രമായ ജലമാണ് ഒഴുകി വരുന്നത്.
ജല അതോറിറ്റി സാധാരണ സ്വീകരിക്കാറുള്ള മുൻ കരുതൽ എന്ന നിലക്ക് പൂവൻപാറ ചെക്ക് ഡാമിൽ താൽക്കാലിക തടയണ നിർമിച്ച് ഉയരം കൂട്ടുന്നതിന് നടപടിയായിട്ടുണ്ട്. ടെണ്ടർ പിടിച്ചവർ മണ്ണിറക്കി. ദിവസങ്ങൾക്കുള്ളിൽ തടയണ പൂർത്തിയാകും. ഈ വർഷം തടയണ നിർമാണം വൈകിയെന്നും ആക്ഷേപമുണ്ട്.
ജല അതോറിറ്റിയുടെ ഡസനിലേറെ പദ്ധതികള്‍ വാമനപുരം നദിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍, കഴക്കൂട്ടം, കഠിനംകുളം മേഖലകളിലെല്ലാം ശുദ്ധജലത്തിന് ആശ്രയിക്കുന്നത് വാമനപുരം നദിയെയാണ്. വാമനപുരം നദിയില്‍ അയിലം മുതല്‍ ആറ്റിങ്ങല്‍ പൂവമ്പാറ വരെ ഭാഗത്തായാണ് പമ്പിങ് കിണറുകളുള്ളത്. നദിയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ജലവിതരണത്തിന് അതോറിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.