ചിറയിൻകീഴിൽ വനിതകളുടെ ശക്തമായ പോരാട്ടം
text_fieldsഎസ്.ഷീല (എൽ.ഡി.എഫ്), വി.ചന്ദ്രിക (യു.ഡി.എഫ്), സുനിത ബിജു (എൻ.ഡി.എ)
ആറ്റിങ്ങൽ: വനിതകളുടെ ശക്തമായ മത്സരത്തിനു വേദിയൊരുങ്ങുന്ന തീരദേശ ജില്ല ഡിവിഷനാണ് ചിറയിൻകീഴ്. പ്രധാന മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെങ്കിലും ശക്തമായ പ്രചാരണവുമായി എൻ.ഡി.എയും രംഗത്തുണ്ട്. എൽ.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ എസ്. ഷീലയാണ് മത്സരിക്കുന്നത്. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെ നിലവിലെ പ്രസിഡന്‍റാണ്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയം കുറിച്ച ചരിത്രവുമായി ആണ് ഷീല ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് എത്തുന്നത്.
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ നാല് തവണ മത്സരിക്കുകയും വിജയം വരിക്കുകയും ചെയ്തു. സ്ഥിരം സമിതി അധ്യക്ഷനായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ച മികവുമായാണ് ജില്ല പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥിയാകുന്നത്. പാർട്ടിയുടെ വിവിധ ഘടക പ്രസ്ഥാനങ്ങളിലും സജീവമാണ്. ചിറയിൻകീഴ് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ വി. ചന്ദ്രികയാണ്. കടയ്ക്കാവൂർ പഞ്ചായത്ത് നിവാസിയായ ചന്ദ്രിക നാല് പതിറ്റാണ്ടായി കോൺഗ്രസ് പ്രവർത്തകയാണ്. പിതാവിന്‍റെ പാത പിന്തുടർന്നാണ് പൊതുപ്രവർത്തനം രംഗത്ത് എത്തുന്നത്.
മഹിള കോൺഗ്രസ്, കർഷക കോൺഗ്രസ്, ഐ.എൻ.ടി.യു.സി തുടങ്ങിയ പോഷക സംഘടനകളുടെ വിവിധ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് മത്സര രംഗത്ത് മൂന്നാം തവണ. ഇത്തവണ ചിറയിൻകീഴ് ഡിവിഷൻ ചന്ദ്രികയിലൂടെ പിടിച്ചെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് പാർട്ടി നേതൃത്വം മുഴുകിയിട്ടുള്ളത്. എൻ.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ സുനിത ബിജുവാണ് രംഗത്ത്.
ദീർഘകാലമായി കുടുംബശ്രീ പ്രസ്ഥാന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. പരമ്പരാഗത ബി.ജെ.പി കുടുംബത്തിൽ നിന്നുള്ള സുനിത ബി.ജെ.പിയുടെ പത്താം വാർഡ് കമ്മിറ്റി പ്രസിഡന്‍റ്, കുടുംബശ്രീ യൂനിറ്റ് പ്രസിഡന്റ്, മമത അയൽക്കൂട്ടം പ്രസിഡന്‍റ്, എസ്.എൻ.ഡി.പി ശാഖ ജോയന്‍റ് കൺവീനർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു വരികയാണ്. 2020ലെ തെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് ജില്ല ഡിവിഷനിൽ എൽ.ഡി.എഫ് 15574 വോട്ടും യു.ഡി.എഫ് 14767 വോട്ടും ബി.ജെ.പി 8465 വോട്ടും നേടിയിരുന്നു. പുനർവിഭജനം തങ്ങൾക്ക് കൂടുതൽ അനുകൂലം എന്നാണ് മുന്നണികൾ അവകാശവാദം ഉന്നയിക്കുന്നത്.


