ദുരൂഹത ഒഴിയാതെ ദേവേന്ദുവിന്റെ കൊലപാതകം; രണ്ടാഴ്ച പിന്നിട്ടിട്ടും ഇരുട്ടിൽതപ്പി പൊലീസ്
text_fieldsദേവേന്ദു
ബാലരാമപുരം: രണ്ടാഴ്ച പിന്നിട്ടിട്ടും മരണം സംബന്ധിച്ച ദുരൂഹത ഒഴിയാതെ ദേവേന്ദുവിന്റെ കൊലപാതകം. കോട്ടുകാല്‍കോണം സ്വദേശി ശ്രീതുവിന്റെ മകള്‍ രണ്ടരവയസ്സുകാരി ദേവേന്ദുവിനെയാണ് വീടിന് സമീപത്തെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
അമ്മാവന് ഹരികുമാറാണ് കൊലപാതകിയെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും കാരണം ഇപ്പോഴും അവ്യക്തം. ഇയാളെയും കുട്ടിയുടെ മാതാവടക്കം ബന്ധുക്കളെയും മാറി മാറി ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, കൂടുതല്‍ പേര് കൊലപാതകത്തിലുൾപ്പെട്ടിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാർ.
അന്വേഷണസംഘത്തെക്കുറിച്ച് നാട്ടുകാരില്‍ പരക്കെ ആക്ഷേപമുണ്ട്. തുടക്കം മുതല്‍ പ്രതിക്ക് മനോരോഗമുണ്ടെന്ന പൊലീസിന്റെ വിശദീകരണം ഡോക്ടര്‍മാർ നിരാകരിക്കുകയായിരുന്നു. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച് വിവിധ സംഘങ്ങളായി മാറിമാറി ചോദ്യം ചെയ്യുന്നെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.
തുടക്കത്തില്‍ത്തന്നെ റൂറല്‍ എസ്.പി ഹരികുമാർ മനോരോഗത്തിന് ചികിത്സയിലാണെന്ന് പറഞ്ഞത് പിന്നീട് പ്രതിക്ക് സഹായകമാകുമെന്ന ആക്ഷേപമുയരുന്നു. കൊലപാതകത്തിനുപിന്നിൽ ആഭിചാരക്രിയകളുണ്ടോ എന്നതുള്‍പ്പെടെ നിരവധി സംശയങ്ങളുണ്ട്. ഹരികുമാറിനെ ചോദ്യം ചെയ്തെങ്കിലും പൊലീസിനും അന്വേഷണ പുരോഗതിയുണ്ടാക്കാനായില്ല. പ്രതിയുടെ മൊഴികൾ പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിന്റെ കൃത്യമായ കാരണം കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.