ഹുസൈൻെറ കളിവീണയിലെ മാന്ത്രിക ഈണം നിലച്ചു; കണ്ണീരോടെ വിട
text_fieldsബാലരാമപുരം: സ്വന്തമായി നിർമിച്ച കളിവീണകളില്‍ കൈവിരലുകൾ കൊണ്ട് മാന്ത്രിക ഈണം രചിച്ച ഹുസൈന് വിട. കളിവീണ നിർമിച്ച് വിൽപന നടത്തി ജീവിച്ചിരുന്ന ബാലരാമപുരം തെക്കേകുളം ഇടവഴിയില്‍ മങ്കാരത്ത് വീട്ടില്‍ ഹുസൈന്‍ (71) നിര്യാതനായി. വീണ ഹുസൈൻ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബാലരാമപുരത്തുകാരുടെ പ്രിയങ്കരനായിരുന്നു. ഗുരുക്കന്‍മാരില്ലെങ്കിലും സംഗീത പരിശീലനക്കളരിയില്‍ ബാലപാഠങ്ങള്‍ അഭ്യസിച്ചിട്ടില്ലെങ്കിലും ഹുസൈന്‍ കളിവീണയിലൂടെ ഹിന്ദുസ്ഥാനി സംഗീതമുള്‍പ്പെടെ വായിക്കുമായിരുന്നു. സ്വന്തമായി നിർമിക്കുന്ന കളിവീണയില്‍ മീട്ടുന്ന സംഗീതം കലയും ഒപ്പം ഉപജീവനവുമായിരുന്നു ഹുസൈന്. തോളിലെ തുണിസഞ്ചിയില്‍ നിറയെ കളിവീണകളുമായിട്ടായിരുന്നു എപ്പോഴും ഹുസൈൻറെ യാത്ര. കളിവീണയിലൂടെ ഏത് തരം സംഗീതവും അദ്ദേഹത്തിന് വഴങ്ങിയിരുന്നു. സംഗീത സാന്ദ്രവും ഭാവ തീവ്രവുമായി ഗാനങ്ങളാലപിച്ച് ആസ്വാദകർക്ക് നവ്യാനുഭൂതി പകര്‍ന്നിരുന്ന ഹുസൈന് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളില്‍ വിപുലമായ സുഹൃദ് വലയമുണ്ടായിരുന്നു.
കളിവീണയില്‍ ഈണം മീട്ടാന്‍ തുടങ്ങിയിട്ട് 59 വര്‍ഷം. 12-ാം വയസിൽ പിതാവ് ബാബു സാഹിബിൻെറ പക്കല്‍ നിന്നാണ് കളിവീണ നിര്‍മ്മാണം പഠിച്ചത്. ഉപജീവനത്തിന് വഴിതെളിച്ച പിതാവ് പകര്‍ന്ന് നല്‍കിയ ബാലപാഠമാണ് ഈണം ഒഴുകുന്ന കളി വീണയുടെ നിർമാണകല. വീട്ടുമുറ്റത്തെ ചിരട്ടയില്‍ നിന്നും കളിവീണയുണ്ടാക്കിത്തുടങ്ങി. 'മാധ്യമ'ത്തിലും 'മീഡിയാവണി'ലും ഹുസൈൻെറ കഥ വന്നതോടെയാണ് ഹുസൈനെ തേടി നിരവധി പേരെത്തിയത്.
ചിരട്ട, ഈറ, ബൈക്കിൻെറ ബ്രേക്ക് കേബിൾ പിരിച്ചുണ്ടാക്കിയ കമ്പി, മണ്‍പാത്രം എന്നിവ ഉപയോഗിച്ചാണ് വീണ നിർമാണം. ഇരട്ടക്കമ്പിവീണക്ക് 100 രൂപയും ഒറ്റകമ്പി വീണക്ക് 80 രൂപയുമായിരുന്നു വില. സംഗീതത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് അദ്ദേഹത്തെ ഈ മേഖലയിലേക്ക് എത്തിച്ചത്. നിര്‍മ്മിക്കുന്ന വീണകളുമായി ഹുസൈന്‍ ഓരോ ഉത്സവ പറമ്പുകളിലും കവലകളിലുമെത്തും. വീണ മീട്ടുന്നതോടെ കേൾക്കാൻ തടിച്ചു കൂടുന്നവരാണ് വീണ വാങ്ങിയിരുന്നത്. ക്ലാസിക്കലോ വെസ്റ്റേണോ ഏതുവേണമെങ്കിലും കളിവീണയില്‍ വായിക്കും. കുട്ടികൾക്ക് പ്രിയപ്പെട്ട സംഗീതോപകരണത്തിന് വിലയിട്ടു വില്‍ക്കുവാന്‍ താല്‍പര്യമുണ്ടായിട്ടല്ല, നിത്യവൃത്തിക്ക് വേണ്ടി മാത്രമാണെന്നും ഹുസൈന്‍ പലപ്പോഴും പറയുമായിരുന്നു. എന്നാല്‍ പലപ്പോഴും കാശില്ലാതെ വരുന്ന കുട്ടികള്‍ക്ക് അവര്‍ നല്‍കുന്ന ചെറിയ പണത്തിനും, ചിലപ്പോൾ സൗജന്യമായോ വീണ നല്‍കിയിട്ടുണ്ട്.
വില്‍പനക്കിടയില്‍ സംഗീത പ്രേമികളെത്തി വീണ വാങ്ങുകയും ഹുസൈൻെറ ശിക്ഷണത്തില്‍ പഠനത്തിന് ശ്രമിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി. പതിനായിരക്കണക്കിന് വീണകളാണ് ഇതിനോടകം വിറ്റത്. പ്രശസ്ത കാഥിക റംലാ ബീഗത്തിൻെറ ബന്ധുവായിരുന്നു ഹുസൈന്‍. ഭാര്യ പേരതയായ സൗദ. മക്കള്‍: മുഹമ്മദ് റാഫി, സാഹിറാ ബീവി.


