കച്ചേരിക്കുളം വീണ്ടും മാലിന്യം കൊണ്ട് മൂടുന്നു; സംരക്ഷിക്കണമെന്ന ആവശ്യം ശക്തം
text_fieldsമാലിന്യം കൊണ്ട് നിറയുന്ന കച്ചേരികുളം
ബാലരാമപുരം: കച്ചേരിക്കുളത്തിന്റെ അവശേഷിക്കുന്ന ഭാഗം മാലിന്യം കൊണ്ട് മൂടാനുള്ള ശ്രമം സജീവം. നീര്‍ത്തടം സംരക്ഷിക്കണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് ബാലരാമപുരത്തെ കുളത്തിൽ രാത്രികാലങ്ങളില്‍ മാലിന്യം കൊണ്ടിടുന്നത്. ഒരു കാലത്ത് പ്രദേശവാസികളുടെയും കര്‍ഷകരുടെയും പ്രധാന ആശ്രയമായിരുന്ന കച്ചരിക്കുളം.
ഗുരുതര ആരോഗ്യ പ്രശ്നത്തിനിടയാക്കുന്ന തരത്തിലാണ് മാലിന്യം തള്ളുന്നത്. കുളത്തില്‍ പലപ്പോഴും അഞ്ജാതര്‍ മാലിന്യം കത്തിക്കുന്നതും പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു.
രാജഭരണകാലം മുതല്‍ കൃഷിക്കും ഇതര ആവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിച്ചിരുന്ന നീര്‍ത്തടമാണ് സംരക്ഷണമില്ലാതെ മാലിന്യം കൊണ്ട് നിറയുന്നത്. മുമ്പ് ലക്ഷങ്ങള്‍ മുടക്കി കച്ചേരിക്കുളം സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചെങ്കിലും ഫലം കാണാതെ പോയി. കെട്ടിക്കിടക്കുന്ന മലിനജലത്തെ പൊതിഞ്ഞ് കുളവാഴകള്‍ സമൃദ്ധമായി വളര്‍ന്നു. മാലിന്യം നിക്ഷേപത്തോടൊപ്പം കുളത്തിന്റെ ഇരുകരകളിലും കൈയേറ്റം നടക്കുന്നതായും ആക്ഷേപമുയരുന്നു. രാജഭരണകാലത്ത് വഴിയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വേണ്ടി നിര്‍മിച്ച കുളം വെങ്ങാനൂര്‍ ഏലായിലെ കൃഷിക്കും മറ്റും ഇവിടത്തെ ജലമാണ് ഉപയോഗിച്ചിരുന്നത്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നീര്‍ത്തടം സംരക്ഷണമില്ലാതെ നശിക്കുന്നത്. അവശേഷിക്കുന്ന ഭാഗത്തെ കുളം സംരക്ഷണമെന്ന ആവശ്യം ശക്തമായി.