അമ്പലമണി മോഷ്ടിച്ച് ആക്രിക്കടയില്‍ വില്‍ക്കാനെത്തിയയാൾ പിടിയില്‍
text_fieldsബാലരാമപുരം: അമ്പലമണി മോഷ്ടിച്ച് ആക്രിക്കടയില്‍ വില്ക്കാൻ ശ്രമിച്ചയാളെ ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടലിനെതുടര്‍ന്ന് പിടികൂടി. എരുത്താവൂര്‍ ക്ഷേത്രത്തിലെ മണി മോഷ്ടിച്ച കേസിൽ പാപ്പനംകോട് സത്യന് നഗറില്‍ സുരേഷ് കുമാറിനെയാണ് (44) അറസ്റ്റ് ചെയ്തത്. എരുത്താവൂര്‍ ക്ഷേത്രത്തിലെ രണ്ട് മണികളും ബലിക്കല്ലുകളില്‍ പൊതിഞ്ഞിരുന്ന ചെമ്പ് തകിടുകളുമാണ് മോഷ്ടിച്ചത്. ഇവക്ക് 50,000 രൂപ വിലവരുമെന്ന് ബാലരാമപുരം പൊലീസിൽ ക്ഷേത്ര ഭാരവാഹികള്‍ നല്കിയ പരാതിയിൽ പറയുന്നു.
കേസ് അന്വേഷിക്കുന്നതിനിടെയാണ് മോഷണമുതലുമായി പ്രതി തമ്പാനൂരിലെ ആക്രിക്കടയില്‍ എത്തിയത്. കടയുടമക്കും ഓട്ടോ ഡ്രൈവര്‍ക്കും സംശയം തോന്നിയതിനെ തുടര്‍ന്ന് തമ്പാനൂര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം തെളിഞ്ഞത്. തുടര്‍ന്ന് ബാലരാമപുരം പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.