ബാനറുകളിൽ മുങ്ങി നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷൻ
text_fieldsനെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷന് മുന്നിലെ ഫ്ലക്സുകളും ബാനറുകളും
ബാലരാമപുരം: നെയ്യാറ്റിൻകര മിനിസിവിൽ സ്റ്റേഷനിൽ നിറയെ ബാനറുകൾ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന നിലയിൽ. മുപ്പതോളം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിൽ വർഷങ്ങളായി ഇതാണ് അവസ്ഥ. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ മുൻവശത്തെ അഴികളിലും തൂണുകളിലുമായി ഇവ സ്ഥാനം പിടിച്ചതോടെ ഓഫിസുകൾ പോലും കാണാനാകാത്ത സ്ഥിതിയാണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെയും സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ യും പ്രതിഷേധക്കുറിപ്പുകൾ മുതൽ അനുമോദനപത്രികകൾ വരെ ഇക്കൂട്ടത്തിലുണ്ട്. പോരാത്തതിന് വിവിധ ഓഫിസുകളുടെ ചുവരുകളിലും പോസ്റ്ററുകൾ നിറയുന്നു.
ദിനംപ്രതി നൂറുകണക്കിന് ഗുണഭോക്താക്കൾ സിവിൽ സ്റ്റേഷനിൽ വ്യത്യസ്ത ആവശ്യങ്ങളുമായി വന്നു പോകുന്നു. 1995ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്. മൂന്ന് ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഓഫിസുകളുടെ പേരു വിവര പട്ടിക പോലും കൃത്യമായ തരത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തൊരിടത്തും പ്രദർശിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന ഗുണഭോകതാക്കൾക്ക് ഓഫിസുകൾ തിരക്കി അലയേണ്ടിവരുന്നു. ഫ്ലക്സുകളും ബാനറുകളും കൊണ്ട് സിവിൽ സ്റ്റേഷൻ നിറഞ്ഞതോടെ ഓഫിസുകൾ കണ്ടുപിടിക്കാൻ നന്നേ ബുദ്ധിമുട്ടായി. പരസ്യങ്ങൾ നീക്കുന്നതിന് ആരും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേമുണ്ട്.