കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 30ലേറെ പേർക്ക് പരിക്ക്
text_fieldsബാലരാമപുരം: ആറാലുംമൂടിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 30ലേറെ പേർക്ക് പരിക്ക്. ദേശീയപാതയിൽ തിങ്കളാഴ്ച പുലർച്ച അഞ്ചരയോടുകൂടിയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് നാഗർകോവിൽ ഭാഗത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസും നെയ്യാറ്റിൻകരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്. ഇരു ബസും നേർക്കുനേർ ഇടിച്ചതോടെ അപകടത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ബസിൽ കുടുങ്ങിയതോടെ അരമണിക്കൂറിലേറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പലർക്കും മുഖത്താണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രി, നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രി, പ്രദേശത്തെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സം നേരിട്ടു.


