കല്ച്ചക്കുകള് നാശത്തിലേക്ക്; പരമ്പരാഗത തൊഴിലാളികൾ ദുരിതത്തിൽ
text_fieldsബാലരാമപുരം: രാജഭരണകാലത്തോളം പഴക്കമുള്ള ബാലരാമപുരത്തെ എണ്ണ വ്യവസായം കൽച്ചക്ക് പോലെ തുടങ്ങിയ സ്ഥലത്ത് വട്ടംകറങ്ങുന്നു. പരമ്പരാഗത തൊഴില്‍ മേഖല ഇന്ന് നാശത്തിലാണ്. കല്ച്ചക്കിലാട്ടി എണ്ണക്കച്ചവടം നടത്തിയിരുന്ന തൊഴിലാളികളും അറുപതിലേറെ കല്ച്ചക്കുകളും ഇന്ന് അനാഥമാണ്.
എണ്ണയാട്ടുന്നതിന് ഒരു തെരുവ് സ്ഥാപിച്ച് രാജാവ് ഒരു സമുദായത്തെ പാര്‍പ്പിച്ച സ്ഥലമാണ് ബാലരാമപുരം. വാണിക വൈശ്യ സമുദായക്കാര്‍ താമസിക്കുന്ന ബാലരാമപുരം വാണികര്‍ തെരുവിലാണ് ചരിത്രത്തിന്റെ ഈ ശേഷിപ്പ് ഇന്നുമുള്ളത്. അഗ്രഹാര സമാനമായ നിര്‍മാണ രീതിയാണ് തെരുവിന്. തെരുവിന് മധ്യത്തിലാണ് കല്ച്ചക്കുകള്. കരിങ്കല്ലില്‍ തീര്‍ത്ത ചക്കുകള്‍ തമിഴ്നാട്ടിലെ മൈലാടിയില്‍ നിന്നുള്ളതാണ്. ആദ്യകാലങ്ങളില്‍ നൂറുകണക്കിനുപേര്‍ എണ്ണയാട്ട് വ്യവസായത്തിലൂടെ ജീവിച്ചിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലും രാജകൊട്ടാരത്തിലും ചാല കമ്പോളത്തിലും എണ്ണയെത്തിച്ചിരുന്നത് ഇവിടെനിന്നായിരുന്നു. ഇവിടെ മുപ്പതിലധികം ചക്കുകള്‍ ഉണ്ടായിരുന്നുവെന്നും വാണികര്‍ തെരുവിലെ പഴയ ആള്ക്കാര് അനുസ്മരിക്കുന്നു. ഒരു ചക്കില്‍ രണ്ടുപേരാണ് പണിയെടുക്കുക. ഒപ്പം രണ്ടു കാളകളും. തേങ്ങ, എള്ള്, പുന്നയ്ക്ക തുടങ്ങിയവയായിരുന്നു പ്രധാനമായും സംസ്കരിച്ചിരുന്നത്. പ്രദേശത്ത് ഇന്ന് ഈ തൊഴിൽ ചെയ്യുന്നവർ വിരലിലെണ്ണാവുന്നവര്‍ മാത്രം. 1975ല്‍ യന്ത്ര ചക്കുകള്‍ വന്നതോടെ കല്ച്ചക്കുകള് വഴിമാറി. ഉപജീവനമായി ഈ തൊഴിൽ ചെയ്തിരുന്നവർ ഇന്ന് പട്ടിണിയിലും പരിവട്ടത്തിലുമാണ്. മറ്റ് തൊഴിലുകൾ ഒന്നും ചെയ്യാൻ പറ്റാത്ത വിധം അവശതയിലുമാണ് പലരും. ചക്കുകൾ പുരാവസ്തുക്കൾ പോലെ അങ്ങിങ്ങ് കാണാം. പരമ്പരാഗതമായി ഈ തൊഴിൽ ചെയ്തുവന്നവർക്ക് സർക്കാറിന്റേതായി ഒരു സഹായവുമില്ല.
തേങ്ങയും എണ്ണയും ഇതരസംസ്ഥാനത്തുനിന്ന് വന്നതോടെയാണ് ഈ മേഖല കൂടുതല്‍ പ്രതിസന്ധിയിലായതെന്ന് തൊഴിലാളികൾ പറയുന്നു.
കേരളത്തിൽ തേങ്ങയുടെ വിലയിടിവും ഇറക്കുമതിയും, യന്ത്രവത്കരണവും അതിന് ആക്കം കൂട്ടി. ബാലരാമപുരം വാണിഗര്‍ തെരുവിലെ കുടുംബങ്ങൾ തന്നെ പരമ്പരാഗതമായി ഈ തൊഴിലെടുത്തിരുന്നു. പല കുടുംബങ്ങളും തൊഴിൽ നശിച്ചതോടെ ബാലരാമപുരം വിട്ടുപോയിട്ടുമുണ്ട്.


