സ്പിന്നിങ് മില്ലിന്റെ മതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു; ഒഴിവായത് വൻ അപകടം
text_fieldsഇടിഞ്ഞുവീണ സ്പിന്നിങ് മിൽ മതിൽ
ബാലരാമപുരം: ബാലരാമപുരം സ്പിന്നിങ് മിൽ മതിൽ ഇടിഞ്ഞുവീണ് സമീപവീട് തകർന്നു. ബാലരാമപുരം തോപ്പിൽ ബീനാകുമാരിയുടെ വീടിനുമുകളിലാണ് മതിൽ ഇടിഞ്ഞുവീണത്. ഞായറാഴ്ച പുലർച്ച മൂന്നുമണിയോടെ തിമിർത്ത് പെയ്ത മഴയിലാണ് അപകടം.
കരിങ്കല്ലുകൊണ്ടുള്ള മതിൽ വീണ് വീടിന്റെ മുൻവശം തകരുകയായിരുന്നു. സപിന്നിങ് മില്ലിന്റെയും ലാറ്റക്സിന്റെയും മതിലിന്റെ വിവിധ ഭാഗങ്ങൾ ഏത് നിമിഷവും നിലം പൊത്താം.
ദിനവും നൂറുകണക്കിന് യാത്രക്കാർ പോകുന്ന റോഡിലെ മതിലിന്റെ മറ്റൊരു ഭാഗവും ഇടിഞ്ഞുവീണു. ബാലരാമപുരം ചാമവിളപ്രദേശത്ത് കൂടിയുള്ള യാത്ര പലപ്പോഴും ഭീതിദമാണ്. എത് നിമിഷവും നിലംപൊത്താവുന്ന മതിലാണ് അവശേഷിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നടന്നു പോകുന്ന റോഡിലെ മതിൽ രാത്രി തകർന്നതിനാൽ വലിയ ദുരന്തമൊഴിവായി. സ്പിന്നിങ് മിൽ മതിൽ അപകടാവസ്ഥയിലായി വർഷങ്ങൾ പിന്നിടുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതർ മൗനം പാലിക്കുന്നത് വൻ ദുരന്തത്തിനിടയാക്കുമെന്നും നാട്ടുകാർ പറയുന്നു. ഒരുമാസം മുമ്പും ഐത്തിയൂർ റോഡിലെ മതിൽ തകർന്ന് വീണിരുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഈ മതിൽ മഴക്കാലത്ത് പൊളിഞ്ഞ് വീഴുന്ന ഭാഗം അറ്റകുറ്റപ്പണി ചെയ്യുന്നതല്ലതെ പൂർണമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.1968ൽ നിർമിച്ച മതിലിന് 12 അടിയോളം ഉയരമുണ്ട്.
സ്പിന്നിങ് മിൽ മതിലിന്റെ അപകടകരമായ തരത്തിൽ സ്ഥിതിചെയ്യുന്ന ഭാഗങ്ങൾ പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.