അശാസ്ത്രീയ നിർമാണം; പുല്ലൈകോണം കുളം നശിക്കുന്നു
text_fieldsലക്ഷങ്ങളുടെ നിർമാണ പ്രവർത്തനം നടന്ന പുല്ലൈകോണം കുളത്തിന്റെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി തകർന്നുവീണ നിലയിൽ
ബാലരാമപുരം: അശാസ്ത്രീയമായ കുളം നവീകരണത്തിലൂടെ ലക്ഷങ്ങൾ പാഴാകുന്നു. ബാലരാമപുരം പുല്ലൈകോണം കുളത്തിനാണ് ഈ ദുർവിധി. കുളത്തിന്റെ കരകൾ കൈയേറാൻ പാകത്തിലാണ് നിർമാണപ്രവർത്തനമെന്നും ആരോപണമുയരുന്നു. മുപ്പത് ലക്ഷത്തിലെറെ രൂപ മുടക്കിയാണ് കുളം നിർമിച്ചത്. കുളക്കരയിലെ ഇൻറർ ലോക്കും മറ്റു സ്ഥലങ്ങളും ഇതിനോടകം പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് മഴയിൽ കുളത്തിന്റെ കോൺക്രീറ്റുപാളികളും കരയും ഇടിഞ്ഞുതാണതും പരിഹരിച്ചിട്ടില്ല. നിർമാണം നടക്കുമ്പോൾതന്നെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഏത് കാലാവസ്ഥയെയും അതിജീവിക്കുന്ന തരത്തിലാണ് നിർമാണമെന്ന് അധികൃതർ കൊട്ടിഗ്ഘോഷിച്ച സ്ഥലമാണ് ഉദ്ഘാടനത്തിന് മുന്നേ ഇടിഞ്ഞ് വീണത്.
കമ്പി കെട്ടി വശങ്ങൾ കോൺക്രീറ്റ് ചെയ്യണമെന്ന് നാട്ടുകാരുടെ ആവശ്യവും അവഗണിക്കപ്പെട്ടു. കമ്പിയില്ലാതെ സൈഡ് വാൾ കെട്ടുന്ന പുതിയ രീതിയാണെന്നറിയിച്ചുള്ള ടെൻഡറാണ് നൽകിയതെന്നാ നാട്ടുകാരോട് അധികൃതർ അറിയിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനുശേഷം സുരക്ഷിതമല്ലാത്ത നിർമാണ രീതിയിലൂടെ നടക്കുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം അധികൃതർ ഏറ്റെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. മുൻകാലങ്ങളിൽ കൃഷിക്കുൾപ്പെടെ ഉപയോഗിച്ചിരുന്നതാണ് പുല്ലൈകോണം കുളം. കുളം നിർമാണ പ്രവർത്തനത്തിൽ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.