ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും; നഗരത്തിൽ ഇന്ന് പ്രാദേശിക അവധി
text_fieldsഅമ്പലത്തറ: പത്ത് ദിവസം നീളുന്ന ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും. ബുധനാഴ്ച രാവിലെ 11ന് ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് ഹലാലുദീന് പ്രത്യേകം തയാറാക്കിയ പള്ളി മിനാരത്തിലെ കൊടിമരത്തില്‍ ദുബൈയില്‍ നിന്നെത്തിച്ച ഉറൂസ് പതാക ഉയര്‍ത്തുന്നതോടെയാണ് ഉറൂസിന് തുടക്കമാവുക. രാവിലെ എട്ടിന് ബീമാപ്പള്ളി ഇമാം മാഹീന് അബൂബേക്കറുടെ നേതൃത്വത്തില്‍ പ്രാരംഭ പ്രാര്‍ഥനയോടെ തുടങ്ങുന്ന പട്ടണ പ്രദക്ഷിണം ജോനകപൂന്തുറ, മാണിക്യവിളാകം, പത്തേക്കര്‍ വഴി ജമാഅത്ത് അങ്കണത്തില്‍ എത്തുമ്പോള്‍ ചീഫ് ഇമാംസെയ്യിദ് മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാർഥന നടത്തും.
ഉറൂസുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഇന്ന് കലക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉറൂസിന് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സിറ്റി പൊലീസ് അസി. കമീഷണറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ നിയന്ത്രണം ഉൾപ്പെടെയുള്ള സുരക്ഷ കാര്യങ്ങൾക്കായി പള്ളി കോമ്പൗണ്ടിന് മുന്നിൽ പൊലീസ് കണ്ട്രോള് റൂം തുറന്നു.
ഉറൂസിന് മുന്നോടിയായി സമീപപ്രദേശങ്ങളിലെ റോഡുകളുടെ ശോച്യാവസ്ഥ തൽക്കാലികമായി പരിഹരിച്ചിട്ടുണ്ട്.
ഉറൂസ് ദിനങ്ങളിൽ വിവിധ ഭാഗങ്ങളില്‍ നിന്നും ബീമാപള്ളിയിലേക്ക് കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വിസുകള്‍ നടത്തും. ഇതിനുള്ള നടപടികൾ പൂർത്തീകരിച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. നഗരസഭയുടെ ആര്യോഗ്യ വിഭാഗത്തിന് കീഴിലുള്ള മെഡിക്കല്‍ സംഘം, ഫയര്‍ ഫോഴ്സ് എന്നിവയുടെ വിപുലമായ ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഉറൂസിന് എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജമാഅത്ത് ഭാരവാഹികള്‍ അഭ്യർഥിച്ചു.