വലിയതുറയിൽ ബൃഹദ് പദ്ധതി; ആഗോള ടെൻഡർ വിളിക്കാൻ സർക്കാർ
text_fieldsതിരുവനന്തപുരം: വലിയതുറ കടല്പാലവും മാരിടൈം ബോര്‍ഡിന്റെ ആസ്ഥാനമന്ദിരവും ഗോഡൗണുകളും അടക്കമുള്ള പ്രദേശത്ത് ആഗോള ടെൻഡര്‍ വിളിച്ച് ബൃഹദ് പദ്ധതി നടപ്പാക്കാൻ തുറമുഖ വകുപ്പ്. എന്നാൽ, കുടിയിറക്കി പ്രദേശം അദാനി ഗ്രൂപ്പിന് പതിച്ചുകൊടുക്കാനുള്ള നീക്കമാണിതെന്ന് മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, തിരുവനന്തപുരം വിമാനത്താവളം എന്നിവയുടെ മധ്യത്തിലായതിനാൽ വാണിജ്യസാധ്യത കൂടുതലാണെന്നും താൽപര്യപത്രം ക്ഷണിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍സൾട്ടന്‍സി രൂപവത്കരിക്കും. നിക്ഷേപക സംഗമം സംഘടിപ്പിക്കാനും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ചേംബറിൽ നടന്ന യോഗത്തിൽ തീരുമാനമായി. മന്ത്രി ആന്റണി രാജു, കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള, സി.ഇ.ഒ ഷൈന്‍ എ. ഹഖ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സാഗര്‍മാല പദ്ധതിയിലുള്‍പ്പെടുത്തിയാൽ കേന്ദ്ര സര്‍ക്കാറില്‍നിന്ന് കിട്ടുമെന്നാണ് പ്രതീക്ഷ. നേരത്തേ, തലശ്ശേരിയിലെയും വലിയതുറയിലെയും കടല്പാലങ്ങളുടെ പുനർനിർമാണ പദ്ധതി രൂപരേഖ തയാറാക്കാൻ ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരുന്നു. രണ്ട് കടല്പാലങ്ങള്ക്കും കൂടി 25 കോടി നവീകരണ ചെലവ് വരുമെന്നാണ് കണക്കാക്കിയത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് കിട്ടില്ല.
പി.പി.പി അടിസ്ഥാനത്തിലായാൽ പ്രദേശവാസികള്‍ക്ക് സാമ്പത്തികനേട്ടമുണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു. കോഴിക്കോട് പോര്‍ട്ട് ബംഗ്ലാവും അനുബന്ധ സ്ഥലങ്ങളും പി.പി.പി അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ കേരള മാരിടൈം ബോര്‍ഡ് സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, വലിയതുറകൂടി വിൽക്കാനാണ് നീക്കമെന്ന് കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും മുൻ കൗൺസിലറുമായ ടോണി ഒളിവർ ആരോപിച്ചു. 2021 സെപ്റ്റംബറിൽ മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥലം സന്ദർശിച്ചശേഷം, നവീകരണമാരംഭിക്കുമെന്ന് പറഞ്ഞതാണ്. ഇപ്പോൾ വിൽപനയുടെ കാര്യമാണ് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രൂക്ഷമായ തീരശോഷണം നേരിട്ടതും അഞ്ചുനിരയിലായി നൂറുകണക്കിന് വീടുകൾ തകർന്നുവീണതുമായ സ്ഥലമാണ് വലിയതുറ. ഇവിടെനിന്നുള്ള കുടുംബങ്ങൾ ഗോഡൗണിലും സമീപത്തെ സ്കൂളിലുമാണ് താമസിച്ചുവരുന്നത്. തുറമുഖ നിർമാണംമൂലമാണ് ഈ തീരശോഷണമുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സ്യത്തൊഴിലാളികൾ വലിയ സമരത്തിനിറങ്ങിയത്.