‘സി.പി.എം പ്രതിക്കൂട്ടിൽ’ പരാമർശം; പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ, വി.ഡി സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തതോടെ പ്രതിക്കൂട്ടിലായത് സി.പി.എം എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ ആരോപണത്തിൽ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം നേരത്തെ വിവിധ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളെ ചോദ്യം ചെയ്യുന്ന 14 ചോദ്യങ്ങളുയർത്തിയാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. യൂത്ത് കോൺഗ്രസ് നേതാവായ എം.എൽ.എയുടെ പീഡന പരമ്പര പുറത്തുവന്നപ്പോൾ ‘പ്രതിക്കൂട്ടിൽ ആയത് സി.പി.എം’ എന്ന വിചിത്ര ന്യായം വോട്ടെടുപ്പ് നടക്കുന്ന വേളയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞുകേട്ടുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് തുടങ്ങുന്നത്.
ഇത്തരം പരമാബദ്ധങ്ങൾ കൊണ്ടൊന്നും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും വികൃത മുഖം മറച്ചുവെക്കാൻ കഴിയില്ല എന്ന് അദ്ദേഹത്തെ ഓർമിപ്പിക്കട്ടെ. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള നാല് മിഷനുകളും പിരിച്ചുവിടുമെന്ന് അന്നത്തെ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പ്രഖ്യാപിച്ചതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവോ എന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് ഹസനെ തള്ളിപ്പറയുന്നില്ല എന്നും മുഖ്യമന്ത്രി ചോദിച്ചു. വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ എന്നിവയെ എതിർക്കുന്ന പ്രതിപക്ഷ നിലപാട് തുടരുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ക്ഷേമ പെൻഷൻ നൽകുന്നത് വോട്ട് പിടിക്കാനുള്ള കൈക്കൂലിയാണെന്ന് പറയുന്ന കെ.സി. വേണുഗോപാലിന്‍റെ നിലപാടും ദേശീയപാത വികസനത്തിലും ഗെയിൽ പൈപ്പ്ലൈൻ പദ്ധതി എന്നിവയിലും സ്വീകരിച്ച നിലപാടും മുഖ്യമന്ത്രി ചോദ്യം ചെയ്തു. കേരളത്തില്‍ നടക്കുന്ന ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ നല്‍കിയ ഭക്ഷ്യകിറ്റിനെ പോലും തെറ്റായ വ്യാഖ്യാനം നല്‍കി പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്തിട്ടില്ലേ? എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ തയ്യാറായിട്ടുണ്ടോ എന്നും ചോദിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


