അഴൂരിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രത്തിൽ തീപിടിത്തം
text_fieldsഹരിത കർമസേനയുടെ പെരിങ്ങുഴിയിലെ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററിന് തീപിടിച്ചപ്പോൾ
ചിറയിൻകീഴ്: അഴൂരിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ച് കെട്ടിടം ഉൾപ്പെടെ കത്തിനശിച്ചു. അഴൂർ ഗ്രാമപഞ്ചായത്തിന്റെ പെരുങ്ങുഴി കാറ്റാടിമുക്കിൽ പ്രവർത്തിച്ചിരുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. പ്രവർത്തനരഹിതമായ കയർ സഹകരണ സംഘത്തിന്റെ കെട്ടിടത്തിലാണ് പഞ്ചായത്തിനു കീഴിലുള്ള പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ഇതിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഫയർഫോഴ്സിനെയും ജനപ്രതിനിധികളെയും അറിയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി നശിച്ചു. സമീപത്തെ വൃക്ഷങ്ങളും കരിഞ്ഞു. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടുത്താൻ രക്ഷാസേന ഏറെ പണിപ്പെട്ടു. ആറ്റിങ്ങലിൽനിന്നുള്ള ഫയർഫോഴ്സണ് ആദ്യം സ്ഥലത്തെത്തിയത്. തീപിടിത്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി വർക്കല, കഴക്കൂട്ടം ഫയർഫോഴ്സ് കേന്ദ്രങ്ങളിലും വിവരമറിയിച്ചു. തുടർന്ന് കൂടുതൽ അഗ്നിശമന സേന അംഗങ്ങളും സംവിധാനങ്ങളും സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി.
ബുധനാഴ്ച ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ ശുചീകരിച്ച് പാക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യമാണ് കത്തിയത്. 5000 കിലോ പ്ലാസ്റ്റിക് മാലിന്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആറ്റിങ്ങൽ നിലയത്തിലെ രണ്ട് യൂനിറ്റിലും വർക്കല, കഴക്കൂട്ടം നിലയങ്ങളിലെ ഓരോ യൂനിറ്റിലും ഉൾപ്പെട്ട 30 പേർ അടങ്ങുന്ന സേനയാണ് തീ കെടുത്തിയത്. ആറ്റിങ്ങൽ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ അഖിൽ എസ്.ബി, ഗ്രേഡ് സ്റ്റേഷൻ ഓഫിസർ സജ്ജുകുമാർ, വർക്കല നിലയത്തിലെ സ്റ്റേഷൻ ഓഫിസർ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.
600 സ്ക്വയർ മീറ്റർ വിസ്തീരണം വരുന്നതാണ് തീപിടിത്തമുണ്ടായ കെട്ടിടം. ഇത് സഹകരണ സംഘത്തിൽനിന്ന് വാടകക്കെടുത്താണ് മെറ്റീരിയൽ കളക്ഷൻ സെൻററാക്കിയത്. തീപിടിത്തമുണ്ടായ സമയത്ത് ഹരിത കർമസേനാംഗങ്ങൾ ആരും കെട്ടിടത്തിൽ ഇല്ലാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി. സാമൂഹികവിരുദ്ധർ തീയിട്ടതാകുമെന്നാണ് പ്രാഥമിക നിഗമനം. ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.