മുതലപ്പൊഴി അടഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
text_fieldsമുതലപ്പൊഴി അഴിമുഖത്ത് മണൽ തിട്ടക്ക് മുകളിലൂടെ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ നിരക്കി കടലിലേക്ക് ഇറക്കാൻ ശ്രമിക്കുന്നു
ചിറയിൻകീഴ്: മുതലപ്പൊഴി പൂർണ്ണമായും അടഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ഉപജീവന പ്രതിസന്ധിയിൽ. തീരദേശം വെള്ളപ്പൊക്ക ഭീഷണിയിൽ. കടലിലെ വേലിയേറ്റ ഇറക്ക നേരങ്ങളെ ആശ്രയിച്ചാണ് തൊഴിലാളികൾ കഴിഞ്ഞ ദിവസങ്ങളിൽ വള്ളങ്ങളുമായി കടലിലേക്ക് പോയിരുന്നത്. ശനിയാഴ്ച മുതൽ അതിനും സാധിക്കാത്ത അവസ്ഥ വന്നു. നിലവിൽ മത്സ്യത്തൊഴിലാളികൾ മണലിലൂടെ വള്ളം നിരക്കി കടലിലിറക്കുകയാണ്.
പൊഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടക്ക് മുകളിലൂടെയാണ് ചെറിയ വള്ളങ്ങൾ മുപ്പതോളം തൊഴിലാളികൾ ചേർന്ന് നിരക്കി കടലിൽ എത്തിക്കുന്നത്. ശനിയാഴ്ച മുതലപ്പൊഴി തീരത്തെ പ്രധാന കാഴ്ച മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ മണലിലൂടെ നിരക്കിക്കൊണ്ടുപോകുന്നതായിരുന്നു. ഈ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ തിരികെ മുതലപ്പൊഴിയിലേക്ക് വരില്ല. അവർ മരിയനാട് അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള മറ്റ് ചെറുകിട ലേല പുരകളെ ആശ്രയിക്കും. അപകടകരമായ കാലാവസ്ഥ ഉണ്ടായാൽ ഈ ബോട്ടുകൾ കയറ്റി ഇടാനുള്ള സ്ഥലവും ഇവർക്കു ഇനി കണ്ടെത്തേണ്ടതുണ്ട്. ചെറുകിട ബോട്ടുകളെ ഇത്തരത്തിൽ കടലിൽ എത്തിക്കുവാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയുന്നുണ്ട്. എന്നാൽ വലിയ ബോട്ടുകൾ ഇത്തരത്തിൽ മണൽത്തിട്ടയിലൂടെ നിരക്കിക്കൊണ്ടുപോകാൻ സാധിക്കില്ല.
ഇത് വലിയ പ്രതിസന്ധിയാണ് ഇത്തരം വള്ളം ഉടമകളിലും തൊഴിലാളികളിലും ഉണ്ടാക്കിയിരിക്കുന്നത്. മുപ്പതിലേറെ പേർ പണിയെടുക്കുന്നവയാണ് ഓരോ വലിയ വള്ളവും. അഞ്ചുതെങ്ങ് കായലിൽ ഉടനീളം നിരവധി വലിയ വള്ളങ്ങളാണ് കടലിൽ പോകാനാകാതെ കാത്തു കിടക്കുന്നത്. കടലിൽ സുഗമമായി വള്ളമിറക്കാൻ അഴിമുഖത്ത് കുറഞ്ഞത് 90 മീറ്റർ വീതിയും ആറ് മീറ്റർ ആഴവും വേണം.
അഴിമുഖത്ത് രണ്ടുലക്ഷം ക്യൂബിക് മീറ്ററിലധികം മണൽ അടിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. മണൽ നീക്കം വേഗത്തിലാക്കി തൊഴിലാളികൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് മത്സ്യത്തൊഴിലാളികളും രാഷ്ട്രീയ പാർട്ടികളും നിരന്തരം ആവശ്യപ്പെട്ട് വരികയാണ്. നിലവിൽ ഡ്രഡ്ജിംഗ് നടക്കുന്നുണ്ടെങ്കിലും പൊഴിയിൽ അടങ്ങിയിട്ടുള്ള മണൽ പൂർണമായും നീക്കുന്നതിന് പര്യാപ്തമല്ല.
മണൽ നീക്കത്തിന് എത്തിച്ച ഡ്രെഡ്ഞ്ചറിന് അഴിമുഖത്ത് നിലവിൽ അടിഞ്ഞിട്ടുള്ള രണ്ടു ലക്ഷത്തിലധികം ക്യുബിക് മീറ്റർ മണൽ നീക്കം ചെയ്യാനുള്ള ശേഷിയില്ലെന്ന് തൊഴിലാളികൾ നേരത്തെ തന്നെ ചൂണ്ടി കാണിച്ചിരുന്നതാണ്. മണൽ നീക്കത്തിനായി മരിടൈം ബോർഡിന്റെ ഡ്രഡ്ഞ്ചർ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. പൊഴി മൂടപ്പെട്ടതിനാൽ വാമനപുരം നദിയിലൂടെ ഒഴുകി വരുന്ന വെള്ളം കടലിൽ ചേരില്ല. വേനൽ മഴ ശക്തമാകുന്നതോടെ ഇത് തീരദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാകും.