മത്സ്യത്തൊഴിലാളി പ്രതിരോധം; പൊഴി മുറിക്കൽ നടപ്പായില്ല
text_fieldsപൊഴി മുറിക്കാനുള്ള നീക്കത്തെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ രംഗത്ത് വന്നതോടെ ഹാർബറിൽ രൂപപ്പെട്ട സംഘർഷാവസ്ഥ
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി പ്രതിരോധത്തിന് മുന്നിൽ പതറി, പൊഴി മുറിക്കൽ നീക്കത്തിൽ നിന്ന് അധികൃതർ താൽകാലികമായി പിന്മാറി. മണൽ നീക്കാൻ കൂടുതൽ ഡ്രഡ്ജറുകൾ എത്തിക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ നിലപാട്. പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഉദ്യോഗസ്ഥർ മടങ്ങി പോയി. വെള്ളപ്പൊക്കം ഒഴിവാക്കാൻ പൊഴി മുറിക്കാൻ ഉദ്യോഗസ്ഥരെത്തുമെന്ന് അറിഞ്ഞാണ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും സംഘടിച്ചെത്തിയത്. അഴിമുഖത്ത് വള്ളങ്ങൾ നിരത്തിയും പ്രതിരോധം തീർത്തു. വൻ പൊലീസ് സന്നാഹുമായി ഉദ്യോഗസ്ഥർ എത്തിയതോടെ മനുഷ്യചങ്ങല തീർത്തു. പൊലീസ് ഉദ്യോഗസ്ഥർ ചർച്ചക്ക് ക്ഷണിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ ഒഴിഞ്ഞുമാറി. രാവിലെ 10 ഓടെയാണ് റവന്യൂ-ഫിഷറീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. സമവായത്തിന് ശ്രമിച്ച ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തി. വലിയ വള്ളങ്ങൾക്ക് കടന്നുപോകാൻ പാകത്തിൽ പൊഴി മുറിക്കാം എന്ന ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പ് നൽകി. ഉറപ്പുകൾ അംഗീകരിക്കില്ലെന്നും ഒത്തുതീർപ്പിനും ഇല്ലെന്ന് വ്യക്തമാക്കി മത്സ്യത്തൊഴിലാളികൾ നിലയുറപ്പിച്ചു. ഇതോടെയാണ് ഒരു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥർ പിൻവാങ്ങിയത്.
വിഴിഞ്ഞത്തു നിന്ന് ഡ്രഡ്ജർ കൊണ്ടുവരണമെന്നാണ് ആവശ്യം ഉന്നയിച്ചത്. അവിടെ ഡ്രെഡ്ജർ ഇല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊഴി മുറിക്കാനുള്ള നീക്കം താൽകാലികമായി ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ മടങ്ങിയതോടെയാണ് തീരത്ത് സംഘർഷാന്തരീക്ഷത്തിന് അയവ് വന്നത്. ഇതോടെ സമരം അവസാനിപ്പിച്ച് മത്സ്യത്തൊഴിലാളികളും മടങ്ങി. മണൽ നീക്കം വേഗത്തിലാക്കിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
കഴിഞ്ഞ ദിവസത്തെ മന്ത്രിതല യോഗ തീരുമാനം നടപ്പിലാക്കുവാൻ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും വലിയ സംഘം മുതലപ്പൊഴിയിൽ എത്തിയിരുന്നു. ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ കുമാർ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ അരുൺ മാത്യൂസ്, ഫിഷറീസ് അസി. ഡയറക്ടർ രാജേഷ്, ചിറയിൻകീഴ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ നബിൻ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ വിഷ്ണുരാജ്, ചിറയിൻകീഴ് തഹസിൽദാർ സജി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും വർക്കല, നെയ്യാറ്റിൻകര ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പൊലീസ് സന്നാഹവും സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്നു.