നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനം; മൂന്ന് ബോട്ടുകൾ പിടിച്ചെടുത്തു
text_fieldsപിടിച്ചെടുത്ത ബോട്ടുകളിലെ മത്സ്യം നശിപ്പിക്കുന്നു
ചിറയിൻകീഴ്: ട്രോളിങ് നിയന്ത്രണം ലംഘിച്ചു ചെറുമത്സ്യങ്ങളെ പിടിച്ച മൂന്നു വള്ളങ്ങൾ പിടിച്ചെടുത്തു. ലക്ഷങ്ങളുടെ മത്സ്യം നശിപ്പിച്ചു. മുതലപ്പൊഴി മത്സ്യബന്ധന ഹാർബറിൽ ആണ് പരിശോധനയും നടപടിയും ഉണ്ടായത്. സർക്കാർ നിശ്ചയിച്ചിട്ടുള്ള വലുപ്പത്തിൽ താഴെയുള്ള ചെറുമത്സ്യങ്ങളെ പിടിച്ച മൂന്നു വള്ളങ്ങൾ ആണ് കണ്ടുകെട്ടിയത്. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പൊലീസും ചേർന്ന് ആണ് നടപടി സ്വീകരിച്ചത്.
അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി വിനോദ് ആന്റണിയുടെ ജീസസ്, വെട്ടുതുറ സ്വദേശി നിതിൻ റിച്ചാർഡിന്റെ നിത്യസഹായ മാതാവ്, കടയ്ക്കാവൂർ ആനത്തലവട്ടം സ്വദേശി പ്രിൻസിന്റെ സങ്കീർത്തനം എന്നീ ബോട്ടുകൾ ആണ് പിടിച്ചെടുത്തത്. അയല, കൊഴിയാള ഇനങ്ങളിൽപ്പെട്ട ചെറുമീനുകളാണ് വള്ളങ്ങളിലുണ്ടായിരുന്നത്. ചെറു മത്സ്യങ്ങളുമായി ബോട്ടുകൾ മുതലപ്പൊഴി താഴംപള്ളി ലേല ഹാളിൽ എത്തിയപ്പോഴാണ് ഇവ കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ വള്ളങ്ങളിൽ ഏകദേശം ആറ് ലക്ഷം രൂപയുടെ ചെറുമത്സ്യങ്ങൾ ഉണ്ടായിരുന്നു. നിയമവിരുദ്ധമായി പിടിച്ച ഈ മത്സ്യങ്ങൾ അധികൃതർ നശിപ്പിച്ചു. വള്ളങ്ങൾ നിലവിൽ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ്. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷമേ പിഴത്തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മനു പറഞ്ഞു.
കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഫിഷറീസ് അസി.ഡയറക്ടർ മനു, കോസ്റ്റൽ പൊലീസ് എസ്.ഐ നിസാറുദ്ദീൻ, അരുൺ വി.എൽ, ലെത്ത ജോൺസൺ, മറൈൻ എൻഫോഴ്‌സ്‌മെൻറ് പൊലീസ് ഉദ്യോഗസ്ഥരായ അജീഷ്, അനന്തു, ലൈഫ് ഗാർഡുമാരായ ശിമയോൻ, റോബിൻ, ഇമാമുദ്ദീൻ പരിശോധനക്കും നടപടികൾക്കും നേതൃത്വം നൽകി.


