അഞ്ചുതെങ്ങിൽ അഞ്ച് ഹരിത ടൂറിസം കേന്ദ്രങ്ങൾ
text_fieldsചിറയിൻകീഴ്: അഞ്ചുതെങ്ങിന്റെ വിനോദസഞ്ചാര സാധ്യതകളെ പ്രയോജനപ്പെടുത്തുവാൻ ഹരിത ടൂറിസം കേന്ദ്രങ്ങൾ വരുന്നു. ചരിത്രപശ്ചാത്തലം കൊണ്ടും പ്രകൃതിദത്തമായ സൗന്ദര്യ സവിശേഷതകൾ കൊണ്ടും സമ്പന്നമാണ് അഞ്ചുതെങ്ങ് പ്രദേശം. കടലും കായലും ഇതിന് മാറ്റുകൂട്ടുന്നു.
എന്നാൽ ഇതിനനുസരിച്ചുള്ള ടൂറിസം സാധ്യതകളൊന്നും ഈ മേഖലയിൽ ഉണ്ടായിട്ടില്ല. ഇത്തരമൊരു സാധ്യത സൃഷ്ടിക്കുന്നതിനും അത് പ്രയോജനപ്പെടുത്തുന്നതിനും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വിനോദസഞ്ചാര വകുപ്പുമായി ചേർന്ന് വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതിലൊന്നാണ് അഞ്ച് ഹരിത ടൂറിസം കേന്ദ്രങ്ങൾ.
നിലവിലെ മാലിന്യ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചാണ് വിനോദ സഞ്ചാര വികസനം ലക്ഷ്യമിടുന്നത്. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രകൃതി സൗഹൃദമായി മറ്റുന്നുണ്ട്. ഇതിലാണ് അഞ്ചുതെങ്ങിലെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൈവ-അജൈവ-ദ്രവമാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിന് സുസ്ഥിര സംവിധാനം ഒരുക്കുന്നതിലൂടെയാണ് ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.
അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, കായിക്കര ആശാൻ സ്മാരകം, കുമാരനാശാൻ കവിത എഴുതിയിരുന്ന അരിയിട്ടകുന്ന് ചെമ്പകത്തറ, പൊന്നുംതുരുത്ത് എന്നിവയാണ് ഇനി മുതൽ ഹരിത ടൂറിസം കേന്ദ്രങ്ങളാകുന്നത്.
നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനുമായി ചേർന്ന് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വൈകുന്നേരം നാലിന് വക്കം കായലിലെ പൊന്നുംതുരുത്തിൽ ജില്ല കലക്ടർ അനുകുമാരി ഹരിത ടൂറിസം കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തും.