ഇനി ഓണസദ്യക്ക് പൂജയും കുടുംബവും ഇല്ല
text_fieldsചിറയിൻകീഴ്: ഇനി ഓണം ഉണ്ണാൻ പൂജയും കുടുംബവും എത്തില്ല. കഴിഞ്ഞദിവസം നവി മുംബൈയിലെ ഫ്ലാറ്റിൽ തീപിടുത്തത്തിൽ ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശിനി പൂജയും കുടുംബവും മരിച്ചത് പ്രദേശവാസികളെ ദു:ഖത്തിലാഴ്ത്തി. പണ്ടകശാല ആൽത്തറമൂട് നന്ദനത്തിൽ രാജൻ -വിജയലക്ഷ്മി ദമ്പതികളുടെ മകൾ പൂജയും ഭർത്താവ് സുന്ദർ ബാലകൃഷ്ണൻ, മകൾ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്.
പൂജയുടെ ജനനവും വിവാഹവുമെല്ലാം മുംബൈയിൽ ആയിരുന്നു. പൂജയുടെ മാതാവ് വിജയലക്ഷ്മിയുടെ നാടാണ് ചിറയിൻകീഴ്. നാലു പതിറ്റാണ്ട് മുമ്പ് മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന രാജൻ ഇവരെ വിവാഹം കഴിച്ചുകൊണ്ടു പോയതോടെ മുംബൈയിലേക്ക് കുടിയേറി. നാല് പതിറ്റാണ്ടായി ഈ കുടുംബം മുംബൈയിലാണ് താമസം.
എങ്കിലും പരമാവധി ഓണക്കാലങ്ങളിൽ ഇവർ മക്കളും ചെറുമക്കളുമായി നാട്ടിലെത്തിയിരുന്നു. കഴിഞ്ഞ ഓണക്കാലവും പൂജയും ഭർത്താവ് സുന്ദർ ബാലകൃഷ്ണനും മകൾ വേദികയും ഉൾപ്പെടെ കേരളത്തിലെത്തി ഓണം ആഘോഷിച്ചാണ് മടങ്ങിയത്. പൂജയുടെ മാതാവ് വിജയലക്ഷ്മി ഓണത്തിന് ശേഷവും നാട്ടിൽ ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവരും മുംബൈയിലേക്ക് തിരികെ പോയത്. ചിറയിൻകീഴിൽ വേരുകൾ ഉണ്ടെങ്കിലും നാമമാത്രമായ ദിവസങ്ങൾ മാത്രമേ ഇവർ നാട്ടിൽ ഉണ്ടായിരുന്നിട്ടുള്ളൂ. അതിനാൽതന്നെ നാട്ടിൽ സൗഹൃദങ്ങളും കുറവാണ്. എങ്കിലും കുടുംബത്തിന്റെ അപകടമരണം ചിറയിൻകീഴ് നിവാസികളിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. അപകട വാർത്തയറിഞ്ഞ് നാട്ടിലുള്ള പലരും ചിറയിൻകീഴ് ആൽത്തറമൂടുള്ള പൂജയുടെ കുടുംബവീടിന് മുന്നിലെത്തി മടങ്ങി. നിലവിൽ ഈ വീട് അടച്ചിട്ടിരിക്കുകയാണ്.


