മുതലപ്പൊഴി ഹാർബർ നവീകരണം; പുലിമുട്ട് നിർമാണം തുടങ്ങി
text_fieldsമുതലപ്പൊഴിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ
ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി ഹാർബർ നവീകരണ പദ്ധതിയുടെ ഭാഗമായ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുലിമുട്ടുകളുടെ നിർമാണമാണ് ആരംഭിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിതത്വതോടെ 177 കോടി രൂപയുടെ സമഗ്ര വികസനപദ്ധതിയുടെ ഭാഗമായാണ് നിർമാണം. പദ്ധതിയുടെ ഭാഗമായി തെക്കേ പുലിമുട്ടിന്റെ നീളം 425 മീറ്റർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെട്രാപോഡുകളുടെ നിർമാണം തുടങ്ങിയത്.
മോൾഡുകൾ യോജിപ്പിച്ച് എട്ട്,10 ടൺ വീതം വരുന്ന ട്രെട്രാപോഡുകളാണ് നിർമ്മിക്കുക. എട്ട് ടണിന്റെ 3990 ട്രെട്രാപോഡുകളും, 10 ടണിന്റെ 2205 ട്രെട്രാപോഡുകളും നിർമിക്കും. കാലാവസ്ഥ അനുകൂലമാകുന്ന ഘട്ടത്തിൽ അതിവേഗം പുലിമുട്ടിന്റെ നീളം കൂടുന്ന പ്രവർത്തികൾക്ക് തുടക്കം കുറിക്കും.
അതുവരെ നിർമിക്കുന്ന ട്രെട്രോപോഡുകൾ നമ്പർ രേഖപ്പെടുത്തി പെരുമാതുറ ഭാഗത്തെ യാർഡിലേക്ക് മാറ്റാനാണ് തീരുമാനം. യാർഡിലേക്ക് മാറ്റുന്ന ട്രെട്രോപോഡുകളുടെ വിവരം ചീഫ് ടെക്നിക്കൽ എക്സാമിനർ വിലയിരുത്തും. പുലിമുട്ട് നിർമാണത്തിന് ആവശ്യമായി കൊണ്ടുവരുന്ന പാറകളുടെ തൂക്കം വിലയിരുത്തുന്നതിന് വേ ബ്രിഡ്ജിന്റെ നിർമാണവും പുരോഗമിക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്.
മണൽത്തിട്ട നീക്കം ചെയ്യുന്നതിനായി ചന്ദ്രഗിരി ഡ്രഡ്ജറിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇതിനായി ഹൈദരാബാദിൽ നിന്ന് വിദഗ്ധരെ എത്തിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ മണൽ നീക്കുന്ന പ്രവർത്തനങ്ങളും പുനരാരംഭിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹാർബർ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡ്രഡ്ജ് ചെയ്യുന്നതിനുള്ള ചുമതല നാഷനൽ ഹൈവേ അതോറിറ്റിക്ക് നൽകാനും പകരം ഡ്രഡ്ജ് ചെയ്തെടുക്കുന്ന മണൽ ദേശീയപാത അതോറിറ്റിക്ക് നൽകാനും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതോടൊപ്പം എറണാകുളം തൃശൂർ ഭാഗങ്ങളിലെ സ്വകാര്യ കമ്പനികളിൽ നിന്നും അത്യാധുനിക ഡ്രഡ്ജറുകൾ എത്തിക്കാനും ശ്രമം ആരംഭിച്ചു. സാമ്പത്തിക ബാധ്യത കാരണം നേരത്തെ ഒഴിവാക്കിയിരുന്ന നിർദേശമാണിത്.
വീണ്ടും മുതലപ്പൊഴി നിരന്തരം അപകടങ്ങൾ വേദിയാവുകയാണ്. മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ദിവസവും മരണപ്പെട്ടിരുന്നു. തീരദേശത്ത് വ്യാപക പ്രതിഷേധത്തിനും ഇത് കാരണമായി. ഇതോടെയാണ് നവീകരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നത്.
നവീകരണ പദ്ധതിയുടെ ഭാഗമായി പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്ജിങ്, വാർഫ്-ഓക്ഷൻ ഹാൾ എന്നിവയുടെ നീളം കൂട്ടൽ തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കും. താഴംപള്ളി ഭാഗത്ത് മറ്റ് അടിസ്ഥാനസൗകര്യ വികസന പദ്ധതികളും നിർമ്മിക്കും.