മുതലപ്പൊഴി സങ്കീർണ്ണമാകുന്നു
text_fieldsമണൽ മൂടി അടഞ്ഞ മുതലപ്പൊഴിയുടെ ആകാശദൃശ്യം
ചിറയിൻകീഴ്: മുതലപ്പൊഴി മണൽമൂടി അടയുകയും മത്സ്യബന്ധനം നിലക്കുകയും ചെയ്തതോടെ രൂപപ്പെട്ട പ്രതിസന്ധി സങ്കീർണ്ണമാകുന്നു. ഭരണ-പ്രതിപക്ഷ ഭേദമന്യേ തൊഴിലാളികൾ സമരരംഗത്ത്. തീരത്ത് സംഘർഷാവസ്ഥ. ബുധനാഴ്ച മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചു. ഒരു മാസമായി തുടരുന്ന മുതലപ്പൊഴി ഹാർബറിലെ മണൽ മൂടി പൊഴിയടഞ്ഞ പ്രശ്നം ദിവസം കഴിയുംതോറും സങ്കീർണമാകുകയാണ്. ഘട്ടം ഘട്ടമായാണ് മുതലപ്പൊഴി മണൽ മൂടി അടഞ്ഞത്.
മാസങ്ങൾക്ക് മുമ്പേ മത്സ്യത്തൊഴിലാളികളും രാഷ്ട്രീയ പാർട്ടികളും അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിലുണ്ടായ കാലതാമസം പൊഴി പൂർണമായും മൂടപ്പെടുന്നതിന് കാരണമായി. ഹാർബറിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള ദീർഘകാല പദ്ധതികളിൽ മാത്രമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതോടെയാണ് പൊഴിമൂടൽ തടയാൻ കഴിയാതെ പോയത്. സർക്കാർ കരാർ നൽകി ഡ്രഡ്ജിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ പൊഴി പൂർണമായി മൂടപ്പെട്ടു. ബോട്ടുകളും മത്സ്യബന്ധന യാനങ്ങളും കടന്നുപോയിരുന്ന ജലപാത മണൽ പരപ്പായി മാറി. മുതലപ്പൊഴി ഹാർബർ വഴിയുള്ള മത്സ്യബന്ധനം പൂർണമായും നിലച്ചു.
നിലവിൽ ഇവിടെയുള്ള മത്സ്യത്തൊഴിലാളികൾക്ക് സമീപത്തെ ഇതര ഹാർബറുകളിൽ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനകംതന്നെ നിരവധി ബോട്ട് ഉടമകൾ സ്വമേധയാ ഇത്തരത്തിൽ മത്സ്യബന്ധനം തുടരുന്നുണ്ട്. എന്നാൽ, നിലവിൽ കായലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ബോട്ടുകൾക്ക് കടലിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ല. കടലിലെത്തിയാൽ മാത്രമേ ഇവർക്ക് സമീപ ഹാർബറുകളെ ആശ്രയിച്ച് ഉപജീവനം തുടരാൻ സാധിക്കുകയുള്ളൂ.
പ്രതിദിനം പ്രതിഷേധം ശക്തമായതോടെ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വിഷയം ചർച്ച ചെയ്യുന്നതിന് ഹാർബർ വികസന സമിതി അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ബുധനാഴ്ച വിളിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം മൂന്നിന് കലക്ടറേറ്റിലാണ് യോഗം. ചൊവ്വാഴ്ച മുതലപ്പൊഴി തീരത്തും തലസ്ഥാനത്ത് മന്ത്രി മന്ദിരത്തിനു മുന്നിലും ഈ വിഷയത്തിൽ സമരങ്ങൾ നടന്നിരുന്നു.
പുതുക്കുറിച്ചി-പെരുമാതുറ താങ്ങുവല അസോസിയേഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഴിമുഖത്ത് അനിശ്ചിതകാല കുടിൽകെട്ടി സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങളുള്ള ഡ്രെഡ്ജറെത്തിച്ച് മണൽ നീക്കം ആരംഭിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
നിലവിൽ ഒരു ഡ്രെഡ്ജറും നാല് എസ്കവേറ്ററുകളും ഉപയോഗിച്ചാണ് മണൽ നീക്കം നടത്തുന്നത്. ഒരു ലോങ്ങ് ബൂം എസ്കവേറ്റർ കൂടി ചൊവ്വാഴ്ച തീരത്ത് എത്തിച്ചിരുന്നു. എന്നാൽ എസ്കവേറ്റർ ഉപയോഗിച്ച് മണൽ നീക്കി ജലപാത തുറക്കുന്നതിനെ മത്സ്യത്തൊഴിലാളികൾ എതിർക്കുകയാണ്. നേരത്തെ മാറ്റിയിട്ട മണൽ പൊഴിമുഖത്തിൽനിന്ന് നീക്കുന്നതിന് മാത്രമേ എസ്കവേറ്റർ ഉപയോഗിക്കാവൂ എന്നതാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. തീരത്ത് സംഘർഷാന്തരീക്ഷം രൂപപ്പെട്ടതോടെ പ്രതിദിന മണൽ നീക്കം ഇരട്ടിയായി വർധിപ്പിക്കുവാൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ കരാറുകാർക്ക് നിർദേശം നൽകി.