മുതലപ്പൊഴി–താഴമ്പള്ളി തീരശോഷണം; ഗ്രോയിൻസ് നിർമാണം ആരംഭിച്ചു
text_fieldsതാഴമ്പള്ളി തീരശോഷണത്തിനു പരിഹാരമായി ഗ്രോയിൻസ് നിർമാണത്തിന് തുടക്കമായപ്പോൾ
ചിറയിൻകീഴ്: മുതലപ്പൊഴി-താഴമ്പള്ളി തീരശോഷണം തടയാൻ ഗ്രോയിൻസ് നിർമാണത്തിന് തുടക്കം. മുതലപ്പൊഴി ഹാർബറിന്റെ ആശാസ്ത്രീയ നിർമാണത്തെതുടർന്ന് വ്യാപകമായി തീരശോഷണം സംഭവിക്കുന്നത് തടയാനായി രൂപകൽപന ചെയ്ത പദ്ധതിയാണിത്.
മുതലപ്പൊഴി ഹാർബർ മുതൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അതിർത്തി പ്രദേശമായ (പൂത്തുറ, മുഞ്ഞമൂട് പാലം) താഴമ്പള്ളി വരെയുള്ള മേഖലയുടെ തീരശോഷണം തടയാനാണ് പുലിമുട്ട് നിർമാണപ്രവർത്തികൾ ആരംഭിച്ചത്. താഴമ്പള്ളി മുതൽ മുഞ്ഞമൂട് പാലത്തിന് സമീപപ്രദേശം വരെയുള്ള പത്തോളം പുലിമുട്ടുകളുടെ നിർമാണമാണ് നടക്കുന്നത്. കടലിലേക്ക് നിശ്ചിത അകലത്തിൽ പുലിമുട്ട് നിർമിക്കുന്ന രീതിയാണ് ഗ്രോയിൻസ് എന്നറിയപ്പെടുന്നത്. ഓരോ പുലിമുട്ടുകൾ തമ്മിൽ 300 മുതൽ 200 മീറ്റർ വരെയുള്ള ദൂര വ്യത്യാസത്തിലാണ് നിർമാണം. നിലവിലെ മുതലപ്പൊഴി അഴിമുഖത്തിന് വടക്ക് വശത്തെ ആദ്യ പുലിമുട്ടിൽനിന്ന് 300 മീറ്റർ മാറി നിർമാണം ആരംഭിച്ച ആദ്യ പുലിമുട്ടിന് (ജി 1) കടലിനുള്ളിലേക്ക് 95 മീറ്റർ നീളം കണക്കാക്കിയുള്ള പ്രവൃത്തികളാണ് നടക്കുന്നത്. തുടർന്ന് ജി 2 പുലിമുട്ട് 95 മീറ്റ് മുതൽ ജി9-ജി10 പുലിമുട്ടുകൾ തമ്മിലുള്ള അകലം 200 മീറ്ററുമായാണ് പദ്ധതി രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 22 കോടി രൂപ ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ മേൽനോട്ടം ഹാർബർ എൻജിനീയറിങ് വകുപ്പിനും കോസ്റ്റൽ ഡെവലപ്മെന്റ് അതോറിറ്റിക്കുമാണ്.
കിളിമാനൂരിൽ നിന്നാണ് പുലിമുട്ടിനായി കല്ലുകൾ എത്തിക്കുന്നത്. ഇവിടെ നിന്നെത്തിക്കുന്ന കല്ലുകൾ താഴമ്പള്ളിയിലെ വെയ്റ്റ് യാർഡിലെത്തിച്ച് തൂക്കം വിലയിരുത്തിയശേഷം എസ്കവേറ്ററിന്റെ സഹായത്തോടെ കരയിൽനിന്ന് കടലിലേക്ക് അടുക്കും. നിർമാണ പ്രവർത്തികൾ വിലയിരുത്താനും മേൽനോട്ടം വഹിക്കാനും ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഉദ്യോഗസ്ഥ സംഘവും സ്ഥലത്തുണ്ട്.