യോഗങ്ങളിൽനിന്ന് വിട്ടുനിന്നു; കടയ്ക്കാവൂരിൽ പഞ്ചായത്തംഗം അയോഗ്യൻ
text_fieldsചിറയിൻകീഴ്: തുടർച്ചയായി യോഗത്തിൽ പങ്കെടുക്കാത്തതിന് കടയ്ക്കാവൂരിൽ പഞ്ചായത്തംഗം അയോഗ്യനായി. ഭജനമഠം വാർഡിലെ ബി.ജെ.പി അംഗം അഭിലാഷാണ് അയോഗ്യനായത്.
തുടർച്ചയായി എട്ടു പഞ്ചായത്ത് യോഗങ്ങളിലും ധനകാര്യ സ്ഥിരം സമിതി അംഗമായിരിക്കെ ഏഴ് സ്ഥിരം സമിതി യോഗങ്ങളിലും രണ്ട് ഗ്രാമസഭാ യോഗങ്ങളിലും പങ്കെടുക്കാത്തതിനെതുടർന്നാണ് അയോഗ്യത. പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 35 (കെ) പ്രകാരം പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ മാസം 15 ന് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് കമീഷന് അയോഗ്യത സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്തു.തുടർന്നായിരുന്നു അയോഗ്യത തീരുമാനം.ബി.ജെ.പി മണ്ഡലം കമ്മറ്റിയംഗം കൂടിയായ അഭിലാഷ് സംവരണ വാർഡായ ഭജനമഠത്തിൽ നിന്നാണ് 2020 ൽ തെരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഒരു വർഷത്തിലേറെയായി വാർഡിലെ വിഷയങ്ങളിൽ ഇടപെടാതെ നാട്ടിൽ നിന്ന് വിട്ടുനിൽക്കുന്ന അവസ്ഥയിലായിരുന്നു.
വാർഡിലെ ജനങ്ങളെ വഞ്ചിക്കുകയും അവശേഷിക്കുന്ന എട്ടു മാസക്കാലയളവിൽ വാർഡിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കുകയും ചെയ്ത ബി.ജെ.പി നേതൃത്വം ജനങ്ങളോട് മാപ്പു പറയണമെന്ന് സി.പി.എം കടയ്ക്കാവൂർ ലോക്കൽ സെക്രട്ടറി അഫ്സൽ മുഹമ്മദ് ആവശ്യപ്പെട്ടു.