വക്കം ആർ.എച്ച്.സി ഉച്ചവരെ മാത്രം; ചികിത്സ കിട്ടാതെ രോഗികൾ
text_fieldsവക്കം ആർ.എച്ച്.സിക്ക് മുന്നിൽ ഡോക്ടർ ഇല്ലെന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നു
ചിറയിൻകീഴ്: വക്കം റൂറൽ ഹെൽത്ത് ട്രെയിനിങ് സെന്ററിൽ ചികിത്സ സമയം വെട്ടിച്ചുരുക്കിയത് രോഗികളെ പ്രതിസന്ധിയിലാക്കുന്നു. വക്കം മേഖലയിലെ നിർധന ജനവിഭാഗങ്ങളുടെ ഏക ആശ്രയമായിരുന്ന സർക്കാർ ആശുപത്രിയാണ് പ്രവർത്തി സമയം നാമമാത്രമാക്കി കുറച്ചത്.
രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് ആശുപത്രി പ്രവർത്തിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ആഴ്ച മുതൽ ഉച്ചക്ക് ശേഷമെത്തുന്ന രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന ബോർഡാണ് കാണാൻ സാധിച്ചത്. ഇതുമൂലം കിലോമീറ്ററുകൾ താണ്ടി ആറ്റിങ്ങലോ വർക്കലയോ ചികിത്സ തേടേണ്ട അവസ്ഥയാണ്.
വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് വക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിന് കീഴിലുള്ള റൂറൽ ഹെൽത്ത് സെന്ററായി മാറ്റിയത്. ഘട്ടം ഘട്ടമായുള്ള വികസനത്തിൽ ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ വളർന്നു. വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ആശുപത്രി.
രാത്രി ഡ്യൂട്ടി ഉണ്ടായിരുന്നു വനിത ഡോക്ടർമാർക്കെതിരെ ചില സാമൂഹിക വിരുദ്ധർ നടത്തിയ അതിക്രമത്തെ തുടർന്നാണ് ഇവിടെ രാത്രി ചികിത്സ നിർത്തിവെച്ചത്. ഇതിനുശേഷം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ ഒ.പി ചികിത്സയും രാത്രി 8 വരെ പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗവുമാണ് പ്രവർത്തിച്ചിരുന്നത്.
ഒ.പി യിൽ ഒരു മെഡിക്കൽ ഓഫിസറും മെഡിക്കൽ വിദ്യാർഥികളും ചില ദിവസങ്ങളിൽ വിദഗ്ധ ഡോക്ടറുടെ സേവനവും ലഭ്യമായിരുന്നു. അത്യാഹിത വിഭാഗത്തിൽ ഒരു മെഡിക്കൽ ഓഫിസറിന്റെയും മെഡിക്കൽ വിദ്യാർഥികളുടെയും സേവനം രാത്രി എട്ട് വരെ ലഭ്യമായിരുന്നു.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം. ഡോക്ടറുടെ ശമ്പളമുൾപ്പെടെ ബാധ്യത ബ്ലോക്കിന് താങ്ങാൻ സാധിക്കില്ലെന്ന കാരണത്താലാണ് ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയുള്ള അത്യാഹിത വിഭാഗം നിർത്തിവെച്ചത്. പ്രതിസന്ധി പരിഹരിക്കുവാൻ ഫണ്ട് അനുവദിക്കാൻ വകുപ്പുതലത്തിൽ അപേക്ഷ നൽകി ശ്രമം നടത്തുകയാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ.