തെരുവുവിളക്കുകൾ കത്തുന്നില്ല; അഴൂർ കടവ് പാലം ഇരുട്ടിൽ
text_fieldsഅഴൂർ കടവ് പാലത്തിലെ സോളാർ ലൈറ്റുകൾ പ്രവർത്തന രഹിതമായതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം
ചിറയിൻകീഴ്: തെരുവ് വിളക്കുകൾ കത്താത്തതിനെ തുടർന്ന് അഴൂർ കടവ് പാലം ഇരുട്ടിൽ. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച വിളക്കുകൾ ഉപയോഗശൂന്യമായി. നിലവാരമില്ലാത്ത ലൈറ്റുകൾ സ്ഥാപിച്ചതാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നു.
സാമൂഹിക വിരുദ്ധ സംഘങ്ങളുടെ സങ്കേതമായി മാറിയതോടെയാണ് അഴൂർ കടവിൽ തെരുവിളക്ക് സ്ഥാപിച്ചത്. എന്നാൽ ലൈറ്റുകൾ എല്ലാം മാസങ്ങൾക്കുള്ളിൽ പ്രവർത്തന രഹിതമായതോടെ ഈ പ്രദേശം വീണ്ടും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി. രാത്രിയിൽ ഇരുചക്ര വാഹനങ്ങളിൽ വരുന്നവരെ തടഞ്ഞുനിർത്തി പണം പിരിക്കുന്നതും പിടിച്ചുപറിക്കുന്നതും ഇവിടെ പതിവാണ്.
റോഡിലെ ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടതിനാൽ വേഗത്തിൽ വാഹനം ഓടിച്ച് പോകാൻ കഴിയില്ല. അതിനാൽ വാഹനങ്ങൾ വേഗത കുറിച്ചാണ് പാലത്തിലൂടെ കടന്നു പോകുന്നത്. ഈ സമയത്താണ് സാമൂഹികവിരുദ്ധർ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തടഞ്ഞുനിർത്തി പിടിച്ചു പറിക്കുന്നത്.
അഴൂർ പഞ്ചായത്തിനെ കഠിനംകുളം, ചിറയിൻകീഴ് പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നതും മുതലപ്പൊഴി തീരത്ത് അടക്കം വരുന്ന ആയിരക്കണക്കിന് സഞ്ചാരികൾ ദൈനംദിനം കടന്നുപോകുന്നതും ഈ പാലത്തിലൂടെയാണ്. അഴൂർ പഞ്ചായത്തിലെ 18 വാർഡുകളിലായി സ്ട്രീറ്റ് ലൈറ്റുകൾ വ്യാപകമായി തകരാറിലാണ്.
അഴൂർ പഞ്ചായത്തിലെ അഴൂർ കടവ് പാലത്തിൽ ലക്ഷങ്ങൾ ചിലവഴിച്ചു സ്ഥാപിച്ച സോളാർ പാനൽ ലൈറ്റുകളിൽ ഒന്നുപോലും കത്താത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് അഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിലെ ലൈറ്റുകളുടെ തൂണുകളിൽ പന്തം കെട്ടിവെച്ചു പ്രതിഷേധിച്ചു. സമരം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അച്ചു അജയന്റെ ആധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എഫ്.ജെഫേഴ്സൻ ഉദ്ഘാടനം ചെയ്തു.
ബിജുശ്രീധർ, നസിയാ സുധീർ, അൻസിൽ അൻസാരി, മാടൻവിള നൗഷാദ്, എം.കെ.ഷാജഹാൻ, സുനിൽ കഠിനംകുളം, നാസ് ഖാൻ, രാജേഷ് ശബരിയാർ, സഹീർ സഫർ, റിനാദ് റഹിം, അനു രാജ്, സുരേഷ് ബാബു ചെട്ടിയാർ, രഞ്ജിത് കോളിച്ചിറ എന്നിവർ സംസാരിച്ചു.