പഴയ കെട്ടിടം അടച്ചുപൂട്ടി, പുതിയത് തുറന്നുമില്ല; രോഗികൾ ദുരിതത്തിൽ
text_fieldsജീര്ണാവസ്ഥയില് ഉള്ള ഐ.പി കെട്ടിടം , പുതിയ ബഹുനില കെട്ടിടം
ചിറയിൻകീഴ്: പഴയ കെട്ടിടം അപകടാവസ്ഥയിൽ, പുതിയ കെട്ടിടം പ്രവർത്തനം ആരംഭിച്ചതും ഇല്ല താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നവർ ദുരിതത്തിൽ. ഇതുകാരണം കിടത്തി ചികിത്സ ആവശ്യമായ രോഗികളെ ഇതര ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്നു. തീരദേശ മേഖലയിലെ നിര്‍ധനരും സാധാരണക്കാരുമായ രോഗികളുടെ അഭയകേന്ദ്രമാണ് ചിറയിന്‍കീഴ് താലൂക്കാശുപത്രി. അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂര്‍ ഉള്‍പ്പെടുന്ന തീരമേഖലയിലെയും അഴൂര്‍, കിഴുവിലം, ചിറയിന്‍കീഴ്, മുടപുരം, മുട്ടപ്പലം, മേല്‍കടയ്ക്കാവൂര്‍ ഉള്‍പ്പെടുന്ന ഗ്രാമ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമാണ് ചിറയിന്‍കീഴിലെ താലൂക്ക് ആസ്ഥാന ആശുപത്രി.
ജില്ല ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും നിലവില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സൗകര്യംപോലും ഇവിടെയില്ല എന്നതാണ് യാഥാർഥ്യം. ആശുപത്രിയുടെ കുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആധുനിക ചികിത്സ ഉപകരണങ്ങളുടെ അഭാവവും ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 80 കോടി ചിലവഴിച്ചുള്ള കെട്ടിടത്തിന്റെ നിർമാണം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്.
കിടത്തി ചികിത്സിക്കുന്ന ഐ.പി മന്ദിരം ജീര്‍ണാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. സിമന്റ് അടര്‍ന്ന് തൂണുകളിലെയും മേല്‍ക്കൂരകളിലെയും കമ്പി വെളിയില്‍ കാണുന്ന അവസ്ഥയിലാണ്. ഇവിടെയുള്ള ശൗചാലയങ്ങളുടെ പൈപ്പുകള്‍ പൊട്ടി ചുമരുകള്‍ക്ക് ജീര്‍ണത ബാധിച്ചിട്ടുണ്ട്. ഏതുസമയം പൊളിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് മൂന്നുനിലകളുള്ള ഐ.പി കെട്ടിടം.
ഡയാലിസിസ് രോഗികള്‍ക്കുളള ചികിത്സാ കേന്ദ്രവും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ജീര്‍ണാവസ്ഥയിലായതിനാല്‍ കിടപ്പുരോഗികള്‍ക്കുള്ള പ്രവേശനത്തില്‍ അധികൃതര്‍ നിയന്ത്രണം വരുത്തിയിരുന്നു. കോട്ടയത്ത് ആശുപത്രി കെട്ടിടം തകർന്നു വീണതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ അപകടാവസ്ഥയിലായ ഐ.പി കെട്ടിടത്തിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് പൂർണമായും നിർത്തി. ഒരുമാസത്തിലേറെയായി മൂന്ന് നില കെട്ടിടം ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നവംബറോടെ രോഗികള്‍ക്കായി തുറന്നുനല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്. എഴുനിലകളിലായി നിർമിച്ചിട്ടുള്ള കെട്ടിടത്തിലെ ഇലക്ട്രിക്, പ്ലംബിംങ്, പെയിന്റിങ് ജോലികള്‍ അവസാന ഘട്ടത്തിലാണ്.
സംസ്ഥാന സര്‍ക്കാര്‍ 72 കോടി രൂപ ചിലവഴിച്ചാണ് പുതിയ ആശുപത്രി കെട്ടിടം നിര്‍മിച്ചത്. അത്യാധുനിക സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുങ്ങുന്നത്. അത്യാഹിത വിഭാഗം, നിരീക്ഷണ വാര്‍ഡ്, നാല് ഓപറേഷന് തീയറ്റര്‍, സര്‍ജിക്കല്‍ വാര്‍ഡ്, സീവേജ് മാലിന്യ പ്ലാന്റ്, 30 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റ്, സി.ടി സ്കാന്‍, എക്സ്റേ, മാമോഗ്രാം തുടങ്ങി ആധുനിക ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിക്കും.
സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിലവില്‍ വരുന്നതോടെയെങ്കിലും ചിറയിന്‍കീഴ് താലൂക്കാശുപത്രി ജില്ലതല നിലവാരത്തിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ജനം. ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കുന്നതാണ് ഒ.പിയിലെ തിരക്ക്. അതിരാവിലെ മുതല്‍ ടോക്കണുവേണ്ടി കാത്തുനില്ക്കുന്നവരുടെ നീണ്ട നിരയാണിവിടം. ആയിരത്തിലധികം പേരാണ് ദിനംപ്രതി ചികിത്സക്കായി ഒ.പിയിലെത്തുന്നത്.
രണ്ട് ഡോക്ടര്‍മാരാണ് ജനറല്‍ മെഡിസിന് ഡ്യൂട്ടിയിലുള്ളത്. ചില ദിവസങ്ങളില്‍ അത് ഒരാളായി ചുരുങ്ങും. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഒ.പി. സമയം രാവിലെ ഒമ്പതു മുതല്‍ ഉച്ച്് ഒരു മണിവരെയാക്കി നിജപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ പലപ്പോഴും ഒ.പി. സമയം കഴിഞ്ഞും രോഗികളുടെ നീണ്ടനിര ആശുപത്രി പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നു.
ചിലസമയങ്ങളില്‍ ഇത് സംഘര്‍ഷങ്ങളിലേക്കും വഴിതെളിക്കാറുണ്ട്. സര്‍ജറി, ഇ.എന്‍.ടി ഓർത്തോ, കണ്ണ്, ദന്തല്‍, ശിശുരോഗ വിഭാഗം, നെഞ്ച്, മാനസികം, ഗൈനക് വിഭാഗങ്ങളിലാണ് ഇവിടെ ഡോക്ടര്‍മാരുള്ളത്. രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരെ നിയമിക്കാന്‍ കഴിയുന്നില്ല. ഉള്ളവര്‍ക്ക് അതുമൂലം ജോലിഭാരവും കൂടുതലാണ്.