പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച; 11.58 ലക്ഷം രൂപയുടെ നഷ്ടം
text_fieldsസുശീല സി.പെരേരയുടെ വീടിന്റെ വാതിൽ കുത്തി തുറന്ന നിലയിൽ
ചിറയിൻകീഴ്: ആളില്ലാതിരുന്ന വീട്ടിൽ വൻ കവർച്ച. ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഷാരോൺ ഡെയിലിൽ സുശീല സി.പെരേരയുടെ വീട്ടിലാണ് കവർച്ച നടന്നത്. 107 ഗ്രാം സ്വർണവും ഇന്ത്യൻ, വിദേശ കറൻസികളും നഷ്ടപ്പെട്ടു. മൊത്തം 11.58 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മകളുടെ ഭർത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി സുശീല വീട്ടിൽ ഇല്ലായിരുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വീടിനുള്ളിലെ മൂന്ന് ബെഡ്റൂമിലെയും ഷെൽഫുകൾ തുറന്ന് അതിലെ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ടിരിക്കുകയായിരുന്നു.
അലമാരകളിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് നഷ്ടപ്പെട്ടത്. മാല, വളകൾ, കമ്മലുകൾ, മോതിരം തുടങ്ങിയവയാണ് കവർന്നത്. പുറമേ, ഇന്ത്യൻ രൂപ, സൗദി, യു.എ.ഇ കറൻസികൾ, വിലയേറിയ വാച്ച് എന്നിവയും നഷ്ടമായി. മരുമകന്റെ ചികിത്സ ആവശ്യങ്ങൾക്കായി മകൾ സൂക്ഷിക്കാൻ നൽകിയിരുന്നതാണ് പണം. ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.