ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു
text_fieldsവാഹനങ്ങൾ തീയിട്ടു നശിപ്പിച്ച നിലയിൽ
ചിറയിൻകീഴ്: ബി.ജെ.പി പ്രവർത്തകന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിച്ചു. ചിറയിൻകീഴ് ആനത്തലവട്ടം കൃഷ്ണാലയത്തിൽ ബാബുവിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോ, രണ്ട് ബൈക്കുകൾ, ഒരു സ്കൂട്ടി, രണ്ട് സൈക്കിൽ എന്നിവയാണ് കത്തിച്ചത്. ഞായറാഴ്ച അർധരാത്രിയിലാണ് സംഭവം. വീട്ടിലെ ഹാൾ മുറിയിൽ കിടന്നിരുന്ന ബാബുവിന്റെ മകൻ ഉണ്ണികൃഷ്ണൻ ശബ്ദം കേട്ട് രാത്രി 12 ന് ജനലഴിയിലൂടെ നോക്കുമ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാരെയും കൂട്ടി പുറത്തിറങ്ങി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ കത്തിക്കരിയമർന്നു.
ആറ്റിങ്ങൽ ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും രണ്ടുപേർ ഈ വീട്ടിലേക്ക് പോകുന്നതായി കാണുന്നുണ്ട്. അതിൽ ഒരാൾ ഹെൽമറ്റ് വെച്ച് മുഖം മറച്ചിട്ടുണ്ട്. മറ്റെയാൾ മുഖം കുനിച്ചാണ് നടക്കുന്നത്. ഇരുവരും ചെറുപ്പക്കാരാണെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.
നവംബർ 18ന് രാത്രിയിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പണ്ടകശാല വാർഡിലെ ബി.ജെ.പി വനിതാ സ്ഥാനാർഥിയുടെ വീടിന് തീയിടാനും ശ്രമം നടന്നിരുന്നു. ബാബുവിന്റെ അനന്തരവളാണ് സ്ഥാനാർഥി. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. ഈ വാർഡിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കൂടിയാണ് ബാബു.


