വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ തൊഴിലാളിയെ കാണാതായി
text_fieldsഷഹാൻ
ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ തൊഴിലാളിയെ കാണാതായി. പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാനെ(19)യാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽപ്പെട്ട വള്ളം ചരിഞ്ഞു. ഇതോടെ ഷഹാൻ വള്ളത്തിൽ നിന്ന് വെള്ളത്തിലേക്ക് വീണു.
തിരയിൽപ്പെട്ട് വള്ളം അറിയുന്ന സാഹചര്യങ്ങളിൽ പലപ്പോഴും മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടാറുണ്ട്. തിരികെ കയറുകയും ചെയ്യും. തിരയിൽപ്പെട്ട് ബോട്ട് വലിയ രീതിയിൽ ഉലയുമ്പോൾ ബോട്ടിൽ തന്നെ വന്നിടിച്ച് ഗുരുതരമായി പരിക്കേൽക്കുന്നത് ഒഴിവാക്കാനാണ് കടലിൽ ചാടുന്നത്.
ഷഹാൻ വെള്ളത്തിൽ വീണെങ്കിലും തിരികെ കയറിയില്ല. വള്ളത്തിൽ ഉണ്ടായിരുന്നവർ നോക്കിയിട്ട് ഷഹാന കാണാനും കഴിഞ്ഞില്ല. അപ്പോൾ തന്നെ തിരച്ചിൽ ആരംഭിച്ച എങ്കിലും കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികളുടെയും തീര രക്ഷാസേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. തെരച്ചിലിന്റെ ഭാഗമാകുന്നതിന് വേണ്ടി പെരുമാതുറ - പുതുക്കുറിച്ചി താങ്ങുവല അസ്സോസിയേഷന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച പണിമുടക്ക് നടത്തുമെന്ന് ജനറൽ സെക്രട്ടറി ഷാജഹാൻ അറിയിച്ചു.


