ക്ലെയിമുകൾ തള്ളാൻ കുറുക്കുവഴി തേടി കമ്പനികൾ
text_fieldsതിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയതിന്റെ പേരിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിത്സ ക്ലെയിമുകൾ വ്യാപകമായി നിഷേധിച്ച് ഇൻഷുറൻസ് കമ്പനികൾ. ക്ലെയിമിനായി സമർപ്പിക്കുന്ന മെഡിക്കൽ രേഖകളിൽ രോഗി മുമ്പ് എപ്പോഴെങ്കിലും വിഷാദരോഗത്തിനോ അമിത ഉത്കണ്ഠക്കോ ഒ.സി.ഡിക്കോ ഒ.പിയിലെത്തിയതിന്റെ വിവരമുണ്ടെങ്കിൽ പോലും ഇൻഷുറൻസ് നിരസിക്കുകയാണ്.
സാധാരണയായി ചില രോഗങ്ങളുടെ പശ്ചാത്തലമുള്ളവർക്ക് ആരോഗ്യ പരിരക്ഷ നൽകാനാവില്ലെന്ന് കമ്പനികൾ വ്യവസ്ഥ വെക്കാറുണ്ട്. എന്നാൽ, ഇതിലൊന്നും മനോരോഗം ഉൾപ്പെടുന്നില്ല. മാത്രമല്ല, വിഷാദരോഗമോ ഒ.സി.ഡിയോ പോലുള്ള മാനസിക പ്രശ്നങ്ങൾ ഹൃദയാഘാതത്തിനോ സർജറി അനിവാര്യമാകുന്ന മറ്റ് ശാരീകാവസ്ഥകൾക്കോ കാരണവുമാകുന്നില്ല. വസ്തുത ഇതായിരിക്കെ, ഇൻഷുറൻസ് നിഷേധം എന്തിനെന്ത് വ്യക്തവുമല്ല. മറ്റ് രോഗങ്ങൾക്കായി പ്രവേശിക്കപ്പെടുന്ന ആളുകളിൽ മുമ്പ് മനോ രോഗമുള്ളതായി പറഞ്ഞാൽ ഇൻഷുറൻസ് കിട്ടില്ലെന്ന് മുൻകൂട്ടി അറിയിക്കുന്ന സ്ഥിതിയുമുണ്ട്. രക്താതിസമ്മർദവും പ്രമേഹവുമുള്ളവർക്കുപോലും ‘വെയ്റ്റിങ് പീരിയഡ്’ നിബന്ധനയോടെ ആരോഗ്യ പരിരക്ഷ കിട്ടുന്ന നാട്ടിലാണ് ഈ വിവേചനം.
‘‘2017ലെ മെന്റൽ ഹെൽത്ത് കെയർ ആക്ട് പ്രകാരം മറ്റ് ഏത് രോഗത്തിനും കിട്ടുന്ന ചികിത്സയും പരിരക്ഷയും ഇൻഷുറൻസുമെല്ലാം മനോ രോഗങ്ങൾക്കും നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഇത് പരിഗണിക്കുമ്പോൾ ഇൻഷുറൻസ് കമ്പനികളുടെ നിലപാട് തികഞ്ഞ വിവേചനമാണെന്നും മുതിർന്ന സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ ‘മാധ്യമ’ത്തോട് പറഞ്ഞു. മാത്രമല്ല, എല്ലാ ഇൻഷുറൻൻസ് പോളിസികളും മനോരോഗങ്ങൾക്കുള്ള കവറേജ് നിർബന്ധമായി ഉൾപ്പെടുത്തണമെന്ന് 2022 മുതൽ കർശന നിർദേശവും നൽകിയിട്ടുണ്ട്.
പരിരക്ഷ നിഷേധിക്കാൻ കുതന്ത്രം വേറെയും
ഐ.ആർ.ഡി.എ.ഐയുടെ കണ്ണിൽ പൊടിയിടാൻ പുതിയ തന്ത്രവുമായാണ് ഇൻഷുറൻസ് കമ്പനികൾ രംഗത്തെത്തിയിട്ടുള്ളത്. മനോ രോഗത്തിന് ചികിത്സ തേടിയവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാം, പക്ഷേ, മാനസിക വെല്ലുവിളി (ഡിസെബിലിറ്റി സ്കോർ) 40 ശതമാനത്തിൽ കൂടുതലാണെന്നത് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതും ഫലത്തിൽ ഇൻഷുറൻസ് നിഷേധിക്കാനുള്ള കുതന്ത്രമാണ്.
ഡോക്ടറുടെ സർട്ടിഫിക്കറ്റല്ല, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നത്. മനോരോഗത്തിന് ചികിത്സ തേടിയെന്നതുപോലും അധികമാരും പുറത്തുപറയാൻ താൽപര്യപ്പെടുന്നില്ല. വസ്തുത ഇതായിരിക്കെ, സർക്കാർ ആശുപത്രിയിലെത്തി മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായി താൻ മനോരോഗിയാണെന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് വാങ്ങിനൽകാൻ അധികമാരും തയാറാകില്ലെന്നതിനാൽ കമ്പനികൾക്കാണ് സൗകര്യം.
വ്യക്തി സ്വയം പര്യാപ്തനാണോ, ജോലിയുണ്ടോ, ആശയ വിനിമയ ശേഷിയുണ്ടോ എന്നതടക്കം മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഡിസെബിലിറ്റി സ്കോർ കണക്കാക്കുന്നത്. സാധാരണ സ്കിസോഫ്രേനിയയാണ് ഗുരുതര മനോരോഗമായി കണക്കാക്കുന്നത്. എന്നാൽ, സ്വന്തം കാര്യങ്ങൾ ചെയ്യുകയും വ്യക്തിബന്ധങ്ങൾ പരിപാലിക്കുകയും ശരാശരി ആശയവിനിമയം നടത്തുകയും ചെയ്യുന്ന സ്കിസോഫ്രേനിയ രോഗിക്കുപോലും ഡിസെബിലിറ്റി സ്കോർ 40ൽ താഴെയായിരിക്കുമെന്ന് ഡോ. സി.ജെ. ജോൺ പറയുന്നു. അപ്പോൾ സാധാരണ വിഷാദ- ഉത്കണ്ഠ രോഗങ്ങളുടെ സ്ഥിതി പറയാനുമാവില്ല.