ഫ്ലോട്ടിങ് റസ്റ്റാറൻറുകളടക്കം നിർമിതികൾ: മാർഗരേഖ പരിഗണനയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജലാശയങ്ങളിൽ ഫ്ലോട്ടിങ് റസ്റ്റാറന്റുകൾ, അനുബന്ധ നിർമിതികൾ എന്നിവ സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ വൈകാതെ സർക്കാർ പുറത്തിറക്കും. ഇതുസംബന്ധിച്ച് സംസ്ഥാന മാരിടൈം ബോർഡ് സമർപ്പിച്ച കരട് സർക്കാർ പരിണഗനയിലാണ്. നിയമപരമായ പരിശോധനയടക്കം നടത്തിയാവും അന്തിമതീരുമാനം.
ഇൻലാൻഡ് വെസൽസ് ആക്ട്-2021 ൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഫ്ലോട്ടിങ് റസ്റ്റോറന്റുകൾ പോലുള്ള നിർമാണങ്ങളുടെ സർവേയും രജിസ്ട്രേഷനും കേരള മാരിടൈം ബോർഡിനെ സർക്കാർ ഏൽപ്പിച്ചെങ്കിലും ഇതുസംബന്ധിച്ച മാർഗരേഖയോ അനുബന്ധ വ്യവസ്ഥകളോ നിലവിലുണ്ടായിരുന്നില്ല. തുടർന്നാണ് മാരിടൈം ബോർഡ് വിശദമായ വിലയിരുത്തലിന് ശേഷം കരട് തയാറാക്കിയത്.
സംസ്ഥാനത്ത് അനധികൃതമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സർവിസിന് ഉപയോഗിക്കുന്ന ഹൗസ് ബോട്ടുകളടക്കമുള്ള യാനങ്ങൾക്കെതിരെ മാരിടൈം ബോർഡ് കർശന നടപടിക്ക് നേരത്തേ തീരുമാനിച്ചിരുന്നു. രജിസ്ട്രേഷൻ, സർവേ നടപടികൾ പൂർത്തിയാക്കാത്ത ബോട്ടുകൾ സർവിസ് നടത്താൻ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് ബോർഡ്. അനധികൃത യാനങ്ങൾക്കെതിരായ നടപടി ഒക്ടോബർ 15ന് ശേഷം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഹൗസ് ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ തുടങ്ങി എല്ലാ ഉൾനാടൻ ജലയാനങ്ങളുടെയും രജിസ്ട്രേഷനാണ് കർശനമാക്കുന്നത്.