കോർപറേഷൻ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ട പട്ടികയുമായി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷനിൽ മൂന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ്. 16 വാർഡുകളിൽ കൂടി പ്രഖ്യാപനം വന്നതോടെ 79 വാർഡുകളിൽ ആര് മത്സരിക്കുമെന്ന് തീരുമാനമായി. മറ്റ് രണ്ട് പ്രബല പാർട്ടികളെക്കാൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ഏറെ മുന്നിലായി കോൺഗ്രസ്. മൊത്തം 86 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ശേഷിക്കുന്ന ഏഴ് സീറ്റുകളുടെ സ്ഥാനാർഥി പ്രഖ്യാപനവും വൈകാതെയുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ അറിയിച്ചു. 15 സീറ്റുകൾ ഘടകകക്ഷികൾക്കുള്ളതാണ്.
സ്ഥാനാർഥി നിർണയത്തിന് പിന്നാലെ രാജി
കോർപറേഷനിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി കെ.പി.സി.സിയിൽ പൊട്ടിത്തെറി. നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവച്ചു. നേമം സീറ്റിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയാണ് രാജി. കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറി. നേമത്ത് ഷജീറിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജിയെന്ന് മണക്കാട് സുരേഷ് വ്യക്തമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ് മണക്കാട് സുരേഷ്. ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ട് മണ്ഡലം കോർ കമ്മിറ്റി ശ്രദ്ധിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് സ്വയം രാജി വെച്ചതാണെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന കെ. മുരളീധരൻ പ്രതികരിച്ചത്. നേമം ഷജീർ പാർട്ടിക്കുവേണ്ടി അടികൊണ്ട വ്യക്തിയാണ്. പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥികൾക്ക് മാറ്റം ഉണ്ടാകില്ലെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.


